നീറ്റ് പരീക്ഷാ രീതി മാറ്റില്ല; വീണ്ടും നടത്തുന്ന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യുഡൽഹി:ജൂൺ 21-ന് നടക്കാനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (NEET)-UG 2026 പുനഃപരീക്ഷ, നിലവിലുള്ള പേപ്പറും പേനയും ഉപയോഗിച്ചുള്ള രീതിക്ക് (Pen-and-Paper) പകരം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT Mode) നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.ജസ്‌റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഈ ഹർജി പരിഗണിച്ചത്. ഹർജി കേൾക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് ബെഞ്ച് തുടക്കത്തിൽ തന്നെ ഹർജിക്കാരുടെ അഭിഭാഷകനെ വ്യക്തമായി അറിയിച്ചു.ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് സത്യം സിംഗ്, വരാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷ ഭൗതികമായി നടത്തുന്നതിന് പകരം കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. എന്നാൽ, “സമാനമായ ഹർജികൾ ഞങ്ങൾ ഇതിനകം തള്ളിക്കളഞ്ഞതാണ്… ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമല്ലോ. പരീക്ഷ റദ്ദാക്കേണ്ടി വന്നു, അവർ അത് വീണ്ടും നടത്തുകയാണ്. അവർ നേരിടുന്ന മാനസിക സമ്മർദം എത്രത്തോളമാണെന്ന് ആലോചിക്കൂ…” എന്ന് ജസ്റ്റിസ് നരസിംഹ നിരീക്ഷിച്ചുസിബിടി രീതിയുമായി ബന്ധപ്പെട്ട ആവശ്യത്തിൽ മാത്രമേ താൻ ഊന്നൽ നൽകുന്നുള്ളൂ എന്ന് അഭിഭാഷകൻ വീണ്ടും വ്യക്തമാക്കിയപ്പോൾ, വിഷയം ഇപ്പോൾ അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് ബെഞ്ച് അറിയിച്ചു. “ഞങ്ങൾ ഇത് വേനലവധിക്കുശേഷം പരിഗണിക്കാം,” എന്ന് വ്യക്തമാക്കിയ ജസ്റ്റിസ് നരസിംഹ കേസ് മാറ്റിവെക്കുകയായിരുന്നു.പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (NTA) പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പമാണ് ഈ ഹർജിയും ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട തീർപ്പുകൽപ്പിക്കാത്ത ഹർജികൾക്കൊപ്പം ജൂലൈയിൽ ഈ വിഷയവും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഇളവുകൾ ആവശ്യപ്പെട്ട് ആർജെഡി എംപി സുധാകർ സിംഗ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്.ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ്-യുജി പരീക്ഷ റദ്ദാക്കേണ്ടി വന്നത് അങ്ങേയറ്റം ‘വേദനാജനകമാണ്’ എന്ന് മേയ് 29-ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വികാരങ്ങളും പ്രതീക്ഷകളുമാണ് ഇതിലൂടെ തകർന്നതെന്നും കോടതി പറയുകയുണ്ടായി. ഇത്തരം വീഴ്ചകളിൽ കൃത്യമായ ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും, ഇന്നേവരെ ഇങ്ങനെയൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലാത്ത യുപിഎസ്‌സി -യെ കണ്ട് പഠിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (NTA) കോടതി ആവശ്യപ്പെടുകയും ചെയ്തു.കേസിൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ വ്യക്തിപരമായി മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *