തന്നെ തിരിച്ചെടുക്കാനുള്ള കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് കർമ്മചാരി സംഘം പ്രസിഡന്റ് ബബിലു ശങ്കർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു.ഹൈക്കോടതിയിലാണ് ഫയല്‍ ചെയ്തത്. ക്ഷേത്രത്തില്‍ പലപ്പോഴായി നടന്ന പല ദുരൂഹ ഇടപാടുകളും പുറത്തുകൊണ്ടുവരാൻ താൻ ശ്രമിച്ചുവെന്ന് ഹർജിയില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങളുമായി അവധിയില്‍ പോയതിനെത്തുടർന്ന് ആസൂത്രിത ഗൂഢാലോചന നടത്തി തന്നെ സർവീസില്‍ പുറത്താക്കാൻ ശ്രമിച്ചു.മെഡിക്കല്‍ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താൻ 2026 മാർച്ച് 17ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും ഇതു നടപ്പാക്കാൻ ഭരണസമിതി തയാറാകുന്നില്ലെന്നും ഹർജിയില്‍ പറയുന്നു. രണ്ടു മാസത്തിനകം തിരിച്ചെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. വിധിന്യായത്തെക്കുറിച്ചുള്ള പൂർണ്ണ അറിവുണ്ടായിരുന്നിട്ടും, കോടതിയുടെ നിർദ്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പാലിക്കുന്നതില്‍ ബോധപൂർവം പരാജയപ്പെട്ടു.മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറുടെയോ ആശുപത്രി അധികാരികളുടേയോ വിശദാംശങ്ങള്‍ തേടിയിട്ടില്ല. കോടതി വിധിയെ അലക്ഷ്യമായും അവഞ്ജയോടെയുമാണ് ഭരണസമിതി സമീപിച്ചതെന്ന് ബബിലു ശങ്കർ ഹർജിയില്‍ പറയുന്നു.
ശ്രീപദ്മനാഭ സ്വാമിക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കോടതി അലക്ഷ്യ കേസ്
