ഒഴിവാക്കിയവരുടെ പേര് റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

വോട്ടർപട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വരുത്തിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് നിയമസാധുത നൽകിക്കൊണ്ട് ബുധനാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ പ്രകടമായ ഒരു വൈരുദ്ധ്യമുണ്ട്. ഈ പ്രത്യേക തീവ്ര പരിഷ്കരണം വോട്ടർമാരാകാനുള്ള യോഗ്യതയിൽ മാത്രം ഒതുങ്ങുന്നതാണെന്നും വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് “ആ വ്യക്തി ഇന്ത്യൻ പൗരനല്ലെന്ന പ്രഖ്യാപനത്തിന് തുല്യമല്ല” എന്നും കോടതി അടിവരയിട്ട് പറയുന്നുണ്ട്. എന്നാൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ അടുത്ത തിരഞ്ഞെടുപ്പിന് മുൻപായി തങ്ങളുടെ “പൗരത്വ നിർണ്ണയത്തിനായുള്ള വിചാരണയെ” നേരിടേണ്ടിവരുമെന്ന് കോടതി വിധിയിലുണ്ട്.”പൗരന്മാരല്ലെന്ന കമ്മീഷന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ 2003ലെ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട വ്യക്തികളുടെ കാര്യത്തിൽ കമ്മീഷൻ അത്തരം കേസുകൾ നാല് ആഴ്ചയ്ക്കുള്ളിൽ 1955ലെ പൗരത്വ നിയമപ്രകാരമുള്ള അതോറിറ്റിക്ക് അവരുടെ പൗരത്വ നിർണ്ണയത്തിനായി കൈമാറേണ്ടതാണ്. ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് നോട്ടീസ് നൽകി വിശദീകരണം കേട്ടതിന് ശേഷം, പാർലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ എന്നിവയിൽ ഏതാണോ ആദ്യം വരുന്നത് അതിന് മുൻപായി അതോറിറ്റി നിയമപ്രകാരം ആവശ്യമായ തീരുമാനം കൈക്കൊള്ളേണ്ടതാണ്,” 124 പേജുള്ള വിധിന്യായത്തിൽ കോടതി പറഞ്ഞു. പൗരത്വ തർക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നത് പൗരത്വ നിയമത്തിന്റെയും ഫോറിനേഴ്‌സ് ട്രിബ്യൂണലുകളുടെയും കീഴിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്ത വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നാലാഴ്ചത്തെ സമയം അനുവദിക്കുന്ന കോടതി ഉത്തരവ്, യഥാർഥത്തിൽ പൗരത്വം തെളിയിക്കാനുള്ള ബാധ്യത പേര് നീക്കം ചെയ്യപ്പെട്ട വ്യക്തിയുടെ മേലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.വോട്ടർപട്ടിക തയ്യാറാക്കുന്നതിലോ പുതുക്കുന്നതിലോ ഉള്ള പ്രക്രിയയിൽ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് “തീർച്ചയായും അധികാരമുണ്ട്” എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, കോടതി ഈ അധികാരത്തെ പരിമിതപ്പെടുത്തുകയും അതിനെ “പ്രാഥമികവും സാഹചര്യപരവുമായത്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ശരിയായ വീക്ഷണത്തിൽ” മനസ്സിലാക്കുമ്പോൾ, “ഇത് ആ വ്യക്തി ഇന്ത്യൻ പൗരനല്ലെന്ന പ്രഖ്യാപനത്തിന് തുല്യമല്ല. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നിയമപരമായ നിബന്ധനകൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടില്ല എന്നതിനെ മാത്രമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” കോടതി വ്യക്തമാക്കി.1995ലെ ‘ലാൽ ബാബു ഹുസൈൻ വേഴ്സസ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ’ കേസിന്റെ വിധി ചൂണ്ടിക്കാണിച്ച്, വോട്ടർപട്ടികയിൽ പേരുള്ള വോട്ടർമാർക്ക് പൗരത്വത്തിന്റെ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. വോട്ടർപട്ടികയിലെ ഒരു എൻട്രി ഔദ്യോഗിക നടപടി എന്ന നിലയിൽ കൃത്യതയുടെ ഒരു അനുമാനം വഹിക്കുന്നുണ്ടെന്ന മുൻവിധിയുടെ അടിസ്ഥാന തത്വം കോടതി അംഗീകരിച്ചുവെങ്കിലും അതിനെ നിലവിലെ കേസിൽ നിന്ന് വേർതിരിച്ചാണ് കോടതി പരിഗണിച്ചത്. ഈ അനുമാനം തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും തിരുത്തപ്പെടാൻ സാധ്യതയുള്ളതുമാണെന്നും അല്ലാതെ ഇതൊരു “അന്തിമ നിയമപരമായ സങ്കല്പമോ” അല്ലെങ്കിൽ “പരിശോധനകളിൽ നിന്നുള്ള ശാശ്വതമായ ഗ്യാരന്റിയോ” അല്ലെന്നും കോടതി വിലയിരുത്തി.തുടക്കത്തിൽ രൂപകൽപ്പന ചെയ്തതനുസരിച്ചുള്ള പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ “രേഖകൾ, സുതാര്യത, ലഭ്യത എന്നിവയെക്കുറിച്ച് ന്യായമായ ആശങ്കകൾ ഉയർത്തിയിരുന്നു” എന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. “എങ്കിലും തുടർച്ചയായുള്ള ചില നീതിന്യായ ഇടപെടലുകളിലൂടെ ഈ ആശങ്കകൾ പരിഹരിക്കപ്പെടുകയും ഈ പ്രക്രിയയ്ക്ക് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ചെയ്തുവെന്നത് വ്യക്തമാണ്,” കോടതി പറഞ്ഞു. തങ്ങളുടെ ഇടപെടലുകൾ ഈ പ്രക്രിയയെ “ഭരണഘടനാപരമായി അനുസൃതമാക്കിയതായും” കോടതി വ്യക്തമാക്കി.”ചിലർക്ക് ഇത് മാറ്റിനിർത്തലായി തോന്നാമെങ്കിലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളിലൂടെ ഈ പ്രക്രിയ നടപ്പിലാക്കുമ്പോൾ അതിനെ ഭരണഘടനാപരമായി അനുസൃതമാക്കി മാറ്റാൻ കഴിയും,” കോടതി വിധിയിൽ പറയുന്നു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പൂർണ്ണമായ ലിസ്റ്റ് അവർ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങൾ സഹിതം പ്രസിദ്ധീകരിക്കാനുള്ള കോടതിയുടെ ഇടപെടലുകൾ ഭരണപരമായ തീരുമാനമായിരുന്നതിനെ പരിശോധിക്കാനും ചോദ്യം ചെയ്യാനും സാധിക്കുന്ന ഒരു പ്രക്രിയയായി മാറ്റിത്തീർത്തു.””ഈ ഇടപെടലുകൾ ഘടനാപരമായ തിരുത്തലുകളായി പ്രവർത്തിക്കുകയും നടപടിക്രമങ്ങളിലെ നീതിപൂർവകമായ ആവശ്യങ്ങളുമായി ഈ പ്രക്രിയ പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു,” സുപ്രീം കോടതി പറഞ്ഞു. 2025 ജൂലൈ മുതൽ ഏഴ് മാസത്തിലധികം നീണ്ട വാദങ്ങൾ കേട്ട ശേഷമാണ് സുപ്രീം കോടതി ജനുവരിയിൽ ഈ കേസിൽ വിധി പറയാനായി മാറ്റിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *