രാജ്യത്തെ ലക്ഷക്കണക്കിന് സിബിഎസ്ഇ വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന പുതിയ ത്രിഭാഷ നയം (three-language policy) സുപ്രീം കോടതിയിൽ. വരാനിരിക്കുന്ന അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഈ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളാണ് ഉയരുന്നത്. ഈ നയത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള പൊതുതാൽപര്യ ഹർജി മുതിർന്ന അഭിഭാഷകൻ റോഹത്ഗി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിർബന്ധിതമായി അധിക ഭാഷകൾ പെട്ടെന്ന് ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പവും പഠന സമ്മർദ്ദവും ഉണ്ടാക്കുമെന്ന് റോഹത്ഗി വാദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം അടിയന്തിരമായി പരാമർശിച്ചതിനെ തുടർന്ന് അടുത്ത ആഴ്ച വിഷയം കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു.പൊതുതാൽപര്യ ഹർജി കോടതിക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനിടെ, ബോർഡ് പരീക്ഷകളിലേക്ക് അടുക്കുന്ന വിദ്യാർത്ഥികൾക്കായി ഈ നയം നടപ്പിലാക്കുന്നതിന്റെ പ്രായോഗികതയെ റോഹത്ഗി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിക്ക് പെട്ടെന്ന് രണ്ടും ഭാഷകൾ കൂടി പഠിച്ച് പത്താം ക്ലാസിൽ പരീക്ഷ എഴുതാൻ കഴിയുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു. ത്രിഭാഷ നയം നടപ്പാക്കാനുള്ള നീക്കം കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ച മുതിർന്ന അഭിഭാഷകൻ, ഈ നയം വിദ്യാർത്ഥികൾ, സ്കൂളുകൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ വലിയ ആശയക്കുഴപ്പവും അരാജകത്വവും സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് സിബിഎസ്ഇ വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമായതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് പ്രതികരിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ്, അടുത്ത ആഴ്ച കേസ് പരിഗണിക്കാമെന്ന് അഭിഭാഷകനെ അറിയിച്ചു
ഒമ്പതാം ക്ലാസിലെ ഭാഷാ പരിഷ്കാരം; സി.ബി.എസ്.ഇയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
