എൻ ഇനിയ പൊൻനിലാവേ’; ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി: തമിഴിലെ ഹിറ്റ് ഗാനമായ ‘എൻ ഇനിയ പൊൻനിലാവേ’ യുടെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ സംഗീത സംവിധായകൻ ഇളയരാജയ്ക്കു പകർപ്പവകാശമില്ലെന്നു ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വർഷം റിലീസായ തമിഴ് ചിത്രം അഗത്തിയയിൽ ഗാനം പുനരാവിഷ്കരിച്ചിരുന്നു. ഇതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചത്.എന്നാൽ, സംഗീത സംവിധായകൻ എന്ന നിലയിൽ ഗാനത്തിന്‍റെ വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ പകർപ്പ വകാശം ഉന്നയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഗാനരംഗങ്ങളുടെ ഉൾപ്പെടെ പകർപ്പവകാശം ചിത്രത്തിന്റെ നിർമാതാക്കളായ രാജ സിനി ആർട്‌സിനാണ്. അവർ സരിഗമ ഇന്ത്യ ലിമിറ്റഡിന് പകർപ്പവകാശം കൈമാറിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് ഇളയരാജയുടെ അപ്പീൽ തള്ളുകയും ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.1980-ൽ രാജ സിനി ആർട്‌സ് നിർമിച്ച് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂടുപാനി എന്ന ചിത്രത്തിലെ ഗാനമാണ് ‘എൻ ഇനിയ പൊൻ നിലാവേ’. യേശുദാസായിരുന്നു ഈ ഗാനം ആലപിച്ചത്. പ്രതാപ് പോത്തനാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അഗത്തിയയക്ക് വേണ്ടി പുനഃസൃഷ്ടിച്ച ട്രാക്ക് രചിച്ചത് യുവാൻ ശങ്കർ രാജയാണ്, പാടിയത് വിജയ് യേശുദാസും.

Leave a Reply

Your email address will not be published. Required fields are marked *