ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണക്കേസ്; സലിം മാലിക്കിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണക്കേസില്‍ സലിം മാലിക്കിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. മാലിക്കിന്റെ അഭിഭാഷകനെയും പ്രോസിക്യൂട്ടറെയും കേട്ട ശേഷമാണ് ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2020 ഫെബ്രുവരി അവസാന വാരത്തില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ഗൂഢാലോചന ആരോപിച്ച് സലിം മാലിക്കിനേയും അത്തര്‍ ഖാനേയും യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. അത്തര്‍ ഖാന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വാദം കേള്‍ക്കുന്നതിനായി ബെഞ്ച് പട്ടികപ്പെടുത്തി.ഫെബ്രുവരിയില്‍ മാലിക്കിന്റെ അപ്പീലില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുഎപിഎ കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ജനുവരി 29ന് പുറപ്പെടുവിച്ച വിചാരണ കോടതി ഉത്തരവിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. സലിം മാലിക്കിന് വേണ്ടി അഭിഭാഷകരായ ജവഹര്‍ രാജ, അര്‍ച്ചിത് കൃഷ്ണ, തമന്ന പങ്കജ്, അദിതി സരസ്വത്, പ്രിയ വാട്സ്, അനിരുദ്ധ് രാമനാഥന്‍, നിതായ് ഹിന്ദുജ, ഇന്ദ്രോനില്‍ ചൗധരി, അശുതോഷ് ശുക്ല എന്നിവരാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *