കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ പോക്സോ കേസില്‍ അറസ്റ്റില്‍

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ പോക്സോ കേസില്‍ അറസ്റ്റില്‍. 25കാരനായ ഭണ്ടി ഭഗീരത് സായിയാണ് 17കാരിയുടെ മാതാവിൻ്റെ പരാതിയില്‍ അറസ്റ്റിലായത്.തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മകനെ അഭിഭാഷകൻ മുഖേന പൊലീസിന് കൈമാറുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ബണ്ടി സഞ്ജയ് കുമാർ പ്രസ്താവനയില്‍ അറിയിച്ചു.ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിഭാഷകർക്കൊപ്പം പെറ്റ് ബഷീറാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു എന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. എന്നാല്‍ സെബറാബാദ് പൊലീസ് കമ്മീഷണർ ഡോ. എം രമേഷ് ഇത് നിഷേധിച്ചു. പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് കമ്മീഷണർ അറിയിച്ചു. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.മകൻ്റെ അറസ്റ്റില്‍ പ്രതികരിച്ച ബണ്ടി സഞ്ജയ് കുമാർ, മകനായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് താൻ മുമ്പും പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകൻ പറഞ്ഞതായും കേന്ദ്രമന്ത്രി വാദിച്ചു. പരാതിക്ക് പിന്നാലെ മകനെ പൊലീസിന് മുൻപാകെ ഹാജരാക്കാൻ ആലോചിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.തെലങ്കാന ഹൈക്കോടതി ഭണ്ടി ഭഗീരത് സായിയുടെ ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കകമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച അർധരാത്രിയിലാണ് ജാമ്യാപേക്ഷയില്‍ വാദം നടന്നത്. 17കാരിയുടെ അമ്മയുടെ പരാതിയില്‍ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് യുവാവിനെതിരെ കേസെടുത്തത്. മകളുമായി ഭണ്ടി ഭഗീരത് സായി ബന്ധത്തിലായിരുന്നുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *