പ്രതി മുങ്ങിയതിനെ ത്തുടര്ന്ന് ജാമ്യംനിന്ന ആദിവാസി സ്ത്രീക്ക് കോടതി വിധിച്ച പിഴത്തുക ഒടുവില് കോടതിയുടെതന്നെ ഇടപെടലിനെത്തുടര്ന്ന് സര്ക്കാര് എഴുതിത്തള്ളി.വയനാട് കേണിച്ചിറ പോലീസ് 2007ല് രജിസ്റ്റര് ചെയ്ത കേസില് 2008ലാണ് വാസവി എന്ന ആദിവാസി സ്ത്രീ പ്രതിക്കായി ജാമ്യം നിന്നത്.പ്രതി കോടതിയില് ഹാജരാകാത്തതോടെ 2010 ഏപ്രില് ആറിനാണ് കല്പ്പറ്റ സെഷന്സ് ജഡ്ജി ക്രിമിനല് നടപടിക്രമം 446-ാം വകുപ്പു പ്രകാരം 20,000 രൂപ പിഴ വിധിച്ചത്. വാസവിക്ക് സ്വന്തമായി വസ്തുക്കള് ഇല്ലാത്തതിനാല് റവന്യു വകുപ്പിന് ജപ്തിയിലൂടെ തുക ഈടാക്കാന് കഴിഞ്ഞില്ല. കുടുംബാംഗങ്ങളുമായി കൂട്ടുചേര്ന്നുള്ള സ്വത്തായതിനാല് അത് ജപ്തി ചെയ്യാന് കഴിയില്ലെന്ന് ബത്തേരി തഹസില്ദാര് റിപ്പോര്ട്ട് നല്കിയതിനെ തുടര്ന്ന് പിഴത്തുക ഈടാക്കുന്നതിനായി പുറപ്പെടുവിച്ച ഡിസ്ട്രസ് വാറന്റ്് മടക്കി അയച്ചിരുന്നു.വാസവി ആദിവാസി വിഭാഗത്തില്പെട്ട സ്ത്രീയാണെന്നും അവര്ക്ക് പിഴ അടയ്ക്കാന് സാമ്പത്തിക ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി പിന്നീട് കല്പ്പറ്റ സെഷന്സ് ജഡ്ജി തന്നെയാണ് ഹൈക്കോടതി രജിസ്ട്രാര് മുഖേനെ സര്ക്കാരിന് ശിപാര്ശ സമര്പ്പിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന് 473 പ്രകാരം ഒരു വ്യക്തിക്ക് വിധിച്ച ശിക്ഷയുടെ ഭാഗമായ പിഴയോ തടവോ പൂര്ണമായോ ഭാഗികമായോ ഒഴിവാക്കാന് സര്ക്കാരിന് അധികാരമുണ്ട്. ഇതുകൂടാതെ വാസവിക്ക് തടവുശിക്ഷ വിധിച്ചിട്ടില്ലെന്നതുകൂടി കണക്കിലെടുത്താണ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില് സര്ക്കാര് നടപടി സ്വീകരിച്ചത്.2023ലാണ് വാസവിയെ ശിക്ഷയില്നിന്ന് ഒഴിവാക്കാനുള്ള നടപടികള് ആരംഭിച്ചത്. 2025 അവസാനത്തോടെ ഹൈക്കോടതി രജിസ്ട്രാർ , സെഷന്സ് ജഡ്ജി എന്നിവരില്നിന്നു ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തില് കഴിഞ്ഞദിവസമാണ് ആഭ്യന്തര വകുപ്പ് പിഴ ഒഴിവാക്കി ഉത്തരവിറക്കിയത്.
പ്രതി മുങ്ങിയപ്പോള്‍ ജാമ്യക്കാരിയായ ആദിവാസി സ്ത്രീക്ക് പിഴ; ജഡ്ജിയുടെ ശിപാര്‍ശയില്‍ എഴുതിത്തള്ളി
