സഞ്ജയ് കപൂർ സ്വത്ത് തർക്കം: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ മധ്യസ്ഥനായി നിയമിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെ ചൊല്ലി കുടുംബത്തിനുള്ളിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂറും ഭാര്യ പ്രിയാ കപൂറും തമ്മിലുള്ള തർക്കം പരിഹരിക്കാനായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ കോടതി മധ്യസ്ഥനായി നിയമിച്ചു. തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ഇരുവിഭാഗവും സമ്മതം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.കുടുംബപ്രശ്നങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ കർശനമായ നിലപാടാണ് കോടതി സ്വീകരിച്ചത്. തർക്കത്തെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്താനോ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാനോ പാടില്ലെന്ന് ബെഞ്ച് നിർദേശിച്ചു. “ഇതൊരു കുടുംബ തർക്കമാണ്. അത് കുടുംബത്തിനുള്ളിൽ തന്നെ ഒതുങ്ങട്ടെ. മറ്റുള്ളവർക്ക് വിനോദത്തിനുള്ള വകയായി ഇത് മാറരുത്. തുറന്ന മനസ്സോടെ മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്ത് എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണ് കക്ഷികൾ ശ്രമിക്കേണ്ടത്,” – സുപ്രീം കോടതി വ്യക്തമാക്കി.സോന ഗ്രൂപ്പ് ചെയർമാനായിരുന്ന സഞ്ജയ് കപൂറിന്റെ മരണത്തെത്തുടർന്ന് മാതാവ് റാണി കപൂർ നൽകിയ ഹരജിയാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. സഞ്ജയ് കപൂറിന്റെ പേരിലുള്ള ഫാമിലി ട്രസ്റ്റിന്റെ നിയന്ത്രണത്തെ ചൊല്ലിയാണ് തർക്കം നടക്കുന്നത്. 80 വയസ്സുകാരിയായ റാണി കപൂർ തന്റെ മരുമകൾ പ്രിയാ കപൂറിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. താൻ പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത്, തന്റെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബ സ്വത്തുകൾ ‘റാണി കപൂർ ഫാമിലി ട്രസ്റ്റി’ലേക്ക് മാറ്റിയെന്നാണ് റാണി കപൂർ ആരോപിക്കുന്നത്.മുതിർന്ന അഭിഭാഷകർ വഴിയാണ് മധ്യസ്ഥതക്കുള്ള സന്നദ്ധത കക്ഷികൾ അറിയിച്ചത്. സഞ്ജയ് കപൂറിന്റെ മാതാവിന്റെ പ്രായം കണക്കിലെടുത്ത് കേസ് നീട്ടിക്കൊണ്ടുപോകാതെ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് കോടതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥ ചർച്ചകളുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ച ശേഷം കേസ് ആഗസ്റ്റിൽ വീണ്ടും പരിഗണിക്കും. അതുവരെ കുടുംബ സ്വത്തുകളിൽ മാറ്റം വരുത്തരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.ഇതിനിടെ സഞ്ജയ് കപൂറിന്റെ മുൻ ഭാര്യ കരീഷ്മ കപൂറിന്റെ മക്കൾ നൽകിയ ഹരജിയെ തുടർന്ന് ഡൽഹി ഹൈകോടതി സഞ്ജയ് കപൂറിന്റെ സ്വത്തുവകകൾ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *