എറണാകുളം: വാടകഗർഭധാരണത്തിനുള്ള പ്രായപരിധിയിൽ ഇളവുതേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വാടക ഗർഭധാരണത്തിന് അനുമതി നൽകുന്നതിൽ പ്രായപരിധി, നിശ്ചയിച്ചിരിക്കുന്നത് ഗർഭധാരണത്തിന് തയാറാകുന്ന അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം തുടങ്ങിയവ കണക്കിലെടുത്താണെന്നും അത് ഭരണഘടനവിരുദ്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാടക ഗർഭധാരണത്തിന് ഭർത്താവിന്‍റെ ഉയർന്ന പ്രായ പരിധി 55 ആയും ഭാര്യയുടേത് 50 ആയും നിശ്ചയിച്ച വ്യവസ്ഥ ചോദ്യം ചെയ്ത ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് എം ബി സ്നേഹലതയുടേതാണ് ഉത്തരവ്. ഹർജിക്കാരുടെ കാര്യത്തിൽ ഭർത്താവിന്റെ പ്രായം 57 ആയതിനാൽ വാടകഗർഭധാരണത്തിന് അനുമതി ലഭിച്ചില്ല. ഇതിനെ തുടർന്നാണ് 2021-ലെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിലെ പ്രായ പരിധി വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹർജി നൽകിയത്. സറഗസി നിയമപ്രകാരം ദമ്പതികളിൽ സ്ത്രീയ്ക്ക് 23 മുതൽ 50വരെയും പുരുഷന് 26 മുതൽ 55 വരെയുമാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഭരണ ഘടന വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ഇത് യുക്തിപരമായ നിയന്ത്രണമാണെന്നും ഭരണഘടന സാധുതയുള്ളതാണെന്നും കോടതി വിലയിരുത്തി.
വാടക ഗർഭധാരണത്തിന് ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി കേരള ഹൈക്കോടതി തള്ളി
