തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍; സുപ്രീംകോടതിയെ സമീപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്

മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലില്‍ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്.അപ്പീല്‍ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവർ അടങ്ങുന്ന പ്രത്യേക ബെഞ്ചാകും അപ്പീല്‍ പരിഗണിക്കുക.പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട പോളിങിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാൻഡ്ബുക്കില്‍ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥ ഇല്ലെന്നും പശ്ചിമ ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ഇത്തരത്തില്‍ കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നു.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ വാദങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്ര- സംസ്ഥാന ജീവനക്കാരെ നിയമിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.ബംഗാളിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷകരെയും നിയോഗിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരെ ലക്ഷ്യം വയ്ക്കുകയാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം. കേന്ദ്ര സേനയുടെ ഇടപെടലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഹൗറയില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധനെ കേന്ദ്ര സേനാംഗങ്ങള്‍ തള്ളിവീഴ്ത്തി കൊലപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജിയും ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *