രാജ്യദ്രോഹപരമായ പരാമര്‍ശമെന്ന ആരോപണം; രാഹുൽ ഗാന്ധിക്കെതിരായ എഫ്‌ഐആർ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന സംഭാൽ കോടതി ഉത്തരവിനെ ശരിവെച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഹര്‍ജി നിരസിച്ചത്.സാംബാൽ കോടതി തള്ളിയതിനെ ചോദ്യം ചെയ്‌ത് അലഹബാദ് ഹൈക്കോടതിയില്‍ സിമ്രാൻ ഗുപ്‌ത സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് വിക്രം ഡി ചൗഹാൻ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.2025-ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേളയിൽ “ഇപ്പോൾ ബിജെപിയും ആർഎസ്എസും, ഇന്ത്യൻ രാഷ്ട്രത്തിനെതിരെ തന്നെ പോരാടുകയാണ്” എന്ന് പറഞ്ഞതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഈ പരാമർശം പൊതുജനവികാരം വ്രണപ്പെടുത്തിയെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ പ്രസ്‌താവനയാണെന്നും ഹർജിക്കാരൻ പറഞ്ഞു. 2025-ൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി ഉയർന്നത്.അതേസമയം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഉത്തർപ്രദേശ് സർക്കാർ അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറി നടത്തുകയോ ചെയ്യണമെന്നായിരുന്നു കോടതി ഉത്തരവ്. ബിജെപി പ്രവർത്തകനായ എസ് വിഘ്‌നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്.പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കാൻ കീഴ്‌ക്കോടതിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഔദ്യോഗിക രഹസ്യ നിയമം, വിദേശികളുടെ നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം ആരോപണങ്ങൾ ഉന്നയിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകളും ബ്രിട്ടീഷ് സർക്കാരിന്‍റെ ചില ഇമെയിലുകളും തന്‍റെ പക്കലുണ്ടെന്നും ഇക്കാരണത്താൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ലോക്‌സഭാംഗം സ്ഥാനം വഹിക്കാൻ കഴിയില്ലെന്നും ഹർജിക്കാരൻ അവകാശപ്പെട്ടിരുന്നു.റായ് ബറേലിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയിലാണ് ആദ്യം പരാതി സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 17-ന് ഹൈക്കോടതി കേസ് ലഖ്‌നൗവിലേക്ക് മാറ്റി. ലഖ്‌നൗ കോടതി അദ്ദേഹത്തിൻ്റെ ഹർജി തള്ളിയതിനെത്തുടർന്ന്, ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *