ന്യൂഡൽഹി∙ കണ്ണൂർ കോർപറേഷൻ ഓഫിസിൽ വർഷങ്ങളായി തുടർന്നിരുന്ന സൈറൺ മുഴക്കൽ നിർത്തിയതിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിൽ എതിർകക്ഷിക്ക് സുപ്രീം കോടതി നോട്ടിസയച്ചു. 135 വർഷമായി നിലനിൽക്കുന്ന രീതിയാണിതെന്നും സ്വാതന്ത്ര്യദിനം പോലെ വിശേഷപ്പെട്ട ദിവസങ്ങളിലും തളാപ്പിലെ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിലും സൈറൺ മുഴക്കൽ പ്രധാന ഘടകമായി മാറിയെന്നു കോർപറേഷനു വേണ്ടി ഹാജരായ ഹാരിസ് ബീരാൻ വാദിച്ചു. സൈറൺ മുഴക്കുന്നതിന്റെ ആവശ്യകത കോടതി തുടക്കത്തിൽ ചോദ്യം ചെയ്തെങ്കിലും അതിന്റെ പ്രാധാന്യം ഹാരിസ് ബീരാൻ ആവർത്തിച്ചതോടെയാണ് കോടതി നോട്ടിസയച്ചത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും അടക്കമുള്ള മേഖലയിലാണ് സൈറണെന്നും ഇതിന്റെ ആവശ്യകത എന്താണെന്നും കോടതി ചോദിച്ചു. ശബ്ദമലിനീകരണവും ഉന്നയിച്ചു. എന്നാൽ, ശബ്ദപരിധി 94.5 ഡെസിബലിൽനിന്ന് താഴ്ത്താമെന്ന കാര്യം ഹൈക്കോടതിയെ അറിയിച്ചതാണെന്നും കോർപറേഷൻ മറുപടി നൽകി. സൈറണിന്റെ ശബ്ദം അനുവദനീയമായ പരിധിയിൽ കൂടുതലാണെന്നും അതിനാൽ നിർത്തിവെക്കുകയോ ശബ്ദപരിധി കുറയ്ക്കുകയോ ചെയ്യണമെന്ന് കാണിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സമയം നോക്കാൻ മറ്റ് സംവിധാനങ്ങളുള്ള കാലത്ത് ഇത് അനാവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സൈറൺ മുഴക്കുന്നത് പിന്നീടു നിർത്തിയിരുന്നു.
135 വർഷം പഴക്കമുള്ള സൈറൺ നിർത്തൽ: നോട്ടിസ് അയച്ച് സുപ്രീം കോടതി
