സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ധുരന്ധർ: ദി റിവഞ്ച് കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ സംവിധായകൻ ആദിത്യാ ധറിന് ആശ്വാസം. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു. ബെംഗളൂരുവിൽ നിന്നുള്ള സംവിധായകൻ സന്തോഷ് കുമാറാണ് ധുരന്ധറിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എസ്. ഹേമലേഖയാണ് ഹർജി പരിഗണിച്ചത്.അതേസമയം തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നുവെന്ന് കാണിച്ച് ആദിത്യാ ധർ, സന്തോഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിന്റെ വാദത്തിനിടെ, തന്റെ തിരക്കഥ ആദിത്യാ ധർ മോഷ്ടിച്ചതാണെന്ന് കോടതിയെ അറിയിച്ച സന്തോഷ് കുമാർ, ആദിത്യാ ധറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ആരിഫ് ഡോക്ടറാണ് ബോംബെ ഹൈക്കോടതിയിലെ കേസ് പരിഗണിക്കുന്നത്.ആദിത്യാ ധറിനെ സന്തോഷ് കുമാർ നേരത്തേ കള്ളൻ എന്ന് വിളിച്ചിരുന്നു. ഇതിന് സന്തോഷ് കുമാർ മാപ്പ് പറയണമെന്ന് ആദിത്യാ ധറിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ സന്തോഷ് കുമാറിന്റെ അഭിഭാഷക സംഘം ഈ ആവശ്യം നിരസിച്ചു. പരാതിക്കാരൻ താൻ പറഞ്ഞത് ശരിയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്നാണ് ഇതിന് ന്യായമായി അവർ പറയുന്നു.ധുരന്ധർ 2 പുറത്തിറങ്ങിയ ശേഷമാണ് ആരോപണവുമായി സന്തോഷ് കുമാർ രംഗത്തെത്തിയത്. ഡി-സാഹെബ് എന്ന് പേരിട്ട തന്റെ തിരക്കഥയാണ് ആദിത്യാ ധർ ധുരന്ധറാക്കിയതെന്നാണ് സന്തോഷ് കുമാറിന്റെ ആരോപണം. സ്ക്രീൻ റൈറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (എസ്ഡബ്ല്യുഎ) രജിസ്റ്റർ ചെയ്ത തിരക്കഥയാണ് തന്റേതെന്നും സന്തോഷ് കുമാർ പറയുന്നു.
ധുരന്ധർ 2 കോപ്പിയടിയെന്ന ആരോപണം: സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി
