കുന്നിക്കോട് സ്വദേശിനിയായ എട്ടു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവ്.പുനലൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് II കോടതി ജഡ്ജി ഏകലവ്യനാണ് ഉത്തരവിട്ടത്. ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരാണ് പ്രതികള്‍. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ സുനില്‍കുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരെ പ്രതിചേർത്താണ് പുനലൂർ പോലീസ് മെഡിക്കല്‍ നെഗ്ലിജൻസ് ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 106 – 1, 238, 3 (5) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.കുട്ടിയുടെ അമ്മ ഹബീറയുടെ നിയമ പോരാട്ടത്തിനൊടുവിലാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രില്‍ എട്ടിനാണ് നായയുടെ കടിയേറ്റ കുട്ടിയുമായി ചികിത്സ തേടി ഹബീറ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവർ ഉദാസീനതയുടെയും അശ്രദ്ധയോടെയും കുട്ടിയെ പരിചരിച്ചു എന്നാണ് എഫ്ഐആറില്‍ പറയുന്നത്. നായയുടെ കടിയേറ്റവർക്ക് നല്കുന്ന ഇമ്മ്യൂണോഗ്ലോബിൻ ഇഞ്ചക്ഷൻ എടുത്തതില്‍ അടക്കം പിഴവ് വരുത്തിയതായി പരാതി ഉയർന്നിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കുട്ടി മരിക്കാൻ കാരണമായതെന്ന് ആക്ഷേപത്തില്‍ വലിയ പ്രതിഷേധവുമുണ്ടായി. രോഗം മൂർച്ഛിച്ച് മെയ് അഞ്ചിനാണ് നീയ ഫൈസല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചത്.സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാവ് ആശുപത്രിയില്‍ വിവരാവകാശം നല്‍കിയിട്ടും കൃത്യമായി ഇതു നല്കാൻ നാലാം പ്രതിയായ ആശുപത്രി സൂപ്രണ്ട് സുനില്‍കുമാർ തയ്യാറായില്ല. പ്രതികളായ ഡോക്ടർമാരെ സംരക്ഷിക്കുന്നതിനായി ചികിത്സ പിഴവുകള്‍ മറച്ചുവെച്ച് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ട് പ്രവർത്തിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. അഡ്വക്കറ്റ് അനീസ് തങ്ങള്‍ കുഞ്ഞാണ് കുട്ടിയുടെ മാതാവിന് വേണ്ടി കോടതിയില്‍ ഹാജരായത്.
കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
