കോഴിക്കോട് മെറ്റീരിയൽ റൂം തുറന്ന നടപടി; യുഡിഎഫ് പരാതിയിൽ തീരുമാനമെടുക്കാൻ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് ഹൈക്കോടതി നിർദേശം

കോഴിക്കോട്: കോഴിക്കോട് വോട്ടെടുപ്പിന് ശേഷം സ്ട്രോങ്ങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്ന നടപടിയിൽ നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി. ഈ സംഭവവുമായി ബന്ധപെട്ട യുഡിഎഫ് നൽകിയ പരാതിയിൽ മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കേരള ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കോടതി നിർദേശം നൽകി. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന പരാതി ഗൗരവകരമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള വെള്ളിമാടുകുന്നിലെ ജെഡിടി സ്കൂൾ കോംപ്ലക്സിലെ സ്ട്രോങ്ങ് റൂമിന് സമീപമുള്ള മുറികൾ തുറന്നതാണ് വിവാദത്തിന് കാരണമായത്. സ്ഥാനാർഥികളെയോ ഏജന്റുമാരെയോ അറിയിക്കാതെ മുറി തുറന്നത് ദുരൂഹമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ ആരോപിച്ചു. കലക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നും കൃത്യമായ നടപടികൾ വരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ആരോപിച്ചാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്.ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. മെറ്റീരിയൽ റൂം തുറന്ന നടപടിയിൽ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചുവെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ, ചീഫ് ഇലക്ട്രൽ ഓഫീസർ ഇക്കാര്യം പരിശോധിച്ച് അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി പരാതിക്കാരെ കൂടി കേട്ട ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *