വല്ലച്ചിറ കടലശ്ശേരിയില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.കടലശ്ശേരി ഊമ്മൻപിള്ളി വീട്ടില്‍ കൗസല്യ (78) ചെറുമകൻ ഗോകുല്‍ (കണ്ണൻ – 36)ആണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സ്വർണ്ണാഭരണങ്ങള്‍ മോഷ്ടിക്കാൻ വേണ്ടിയാണ് ഇയാള്‍ മുത്തശിയെ കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെ. കമനീസാണ് ശിക്ഷ വിധിച്ചത്.നാടിനെ നടുക്കിയ സംഭവം 2022 ഫെബ്രുവരി 25-നാണ് നടന്നത്. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങള്‍ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിയായ ഗോകുല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. കിടക്കുകയായിരുന്ന കൗസല്യയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അന്നത്തെ ഇൻസ്‌പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ്, എ.എസ്.ഐ സരസപ്പൻ, ജി.എ.എസ്.ഐ സിന്ധു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. ലെയ്‌സണ്‍ ഓഫീസർ ജി.എസ്.സി.പി.ഒ അജീഷ് പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു.
മുത്തശിയെ തലയിണ മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
