അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കെതിരായ ആരോപണം: പവൻ ഖേരയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ഗുവാഹാട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തിരിച്ചടി. ഗുവാഹത്തി ഹൈക്കോടതി ഖേരയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി. ഹിമന്തയുടെ ഭാര്യ രിനികി ഭുയാൻ നൽകിയ പരാതിയിൽ അസം പോലീസിന്റെ ക്രൈം ബ്രാഞ്ചാണ് കേസ് എടുത്തിരുന്നത്.റിനികിയ്ക്ക് ഒന്നിലധികം പാസ്‌പോർട്ടുകളുണ്ടെന്നും വെളിപ്പെടുത്താത്ത സ്വത്തുക്കൾ വിദേശത്തുണ്ടെന്നുമായിരുന്നു പവൻ ഖേര ആരോപിച്ചത്. പിന്നാലെ റിനികി പരാതി നൽകുകയായിരുന്നു. അപകീർത്തിപരാമർശം, കൃത്രിമരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഖേരയ്‌ക്കെതിരേ ആരോപിച്ചിരുന്നത്.മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് ഖേരയ്ക്കായി ഹാജരായത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസിൽ 21-ാം തീയതി വാദം പൂർത്തിയായിരുന്നെങ്കിലും വിധിപ്രസ്താവം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.ഏപ്രിൽ പത്താം തീയതി തെലങ്കാന ഹൈക്കോടതി ഖേരയ്ക്ക് ട്രാൻസിറ്റ് ആന്റിസിപ്പേറ്ററി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി ഏപ്രിൽ 15-ന് സ്റ്റേ ചെയ്യുകയും ഗുവാഹാട്ടി കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് ഖേര ഗുവാഹാട്ടി കോടതിയെ മുൻകൂർജാമ്യാപേക്ഷയുമായി സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *