ന്യൂഡൽഹി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം ചെയ്താലും കേസിൽ നിന്നു മോചിതനാകില്ലെന്നു ഡൽഹി ഹൈക്കോടതി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണു ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ പ്രതിചേർക്കപ്പെട്ടയാൾ പെൺകുട്ടിക്കു 16 വയസ്സുള്ളപ്പോഴാണു പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി. പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ പെൺകുട്ടി രണ്ടു തവണ ഗർഭിണിയാവുകയും തുടർന്ന് ഗർഭം അലസിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയായ ശേഷം അവരെ വിവാഹം ചെയ്തതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു വാദം. ഇതു തള്ളിയ കോടതി പ്രതി അറസ്റ്റിലായ ശേഷമാണു വിവാഹത്തിനു സമ്മതിച്ചതെന്നും ജാമ്യം ലഭിക്കാൻ വേണ്ടിയാണു വിവാഹം നടത്തിയതെന്നും വിലയിരുത്തി.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യമില്ല: ഡൽഹി ഹൈക്കോടതി
