ന്യൂഡൽഹി: രാജ്യത്ത് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന നിയമം കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.വിഷയം ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തുടനീളം പ്രീ-പ്രൈമറി വിദ്യാഭ്യാസം നിർബന്ധിതമായി നടപ്പിലാക്കാനും അതിന്റെ ലഭ്യത ഉറപ്പാക്കാനും നടപടി വേണം. പുതിയ ദേശീയ വിദ്യാഭ്യാസ നയം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൂർണ്ണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.സ്വകാര്യ സ്കൂളുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി 25 ശതമാനം സീറ്റുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.നിലവിലുള്ള 10+2 ഘടനയ്ക്ക് പകരം 5+3+3+4 എന്ന പുതിയ മാതൃകയിലേക്കുള്ള മാറ്റം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ താഴെത്തട്ടിൽ എത്തുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്രവും കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
