ടീസ്റ്റ സെതല്‍വാദിന്റെ പാസ്‌പോര്‍ട്ട്: ഹര്‍ജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു; ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതല്‍വാദിന്റെ പാസ്‌പോർട്ട് വിട്ടുനല്‍കണമെന്ന ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.ടീസ്റ്റയ്ക്ക് നേരത്തെ സ്ഥിരം ജാമ്യം അനുവദിച്ചത് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായതിനാലാണ് പാസ്‌പോർട്ട് സംബന്ധിച്ച തീരുമാനവും അതേ ബെഞ്ച് തന്നെ എടുക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. ടീസ്റ്റയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപില്‍ സിബലാണ് ഹാജരായത്.2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്നാരോപിച്ച്‌ ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ 2023 ജൂലൈയിലാണ് സുപ്രീം കോടതി ടീസ്റ്റയ്ക്ക് സ്ഥിരം ജാമ്യം അനുവദിച്ചത്.എന്നാല്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പാസ്‌പോർട്ട് വിചാരണ കോടതിയില്‍ സമർപ്പിക്കാനും വിദേശയാത്രകള്‍ക്ക് മുൻകൂർ അനുമതി തേടാനും നിർദ്ദേശമുണ്ടായിരുന്നു.ഈ നിബന്ധനകളില്‍ ഇളവ് നല്‍കി പാസ്‌പോർട്ട് സ്ഥിരമായി വിട്ടുനല്‍കണമെന്നാണ് ടീസ്റ്റ ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഇനി ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വിശദമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *