സംഭാവന സ്വീകരിക്കാന്‍ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്.എ) പ്രകാരമുള്ള രജിസ്ട്രേഷന് പുതുക്കാനുള്ള അപേക്ഷ നിഷേധിച്ചതിനെതിരേ കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി.എഫ്.സി.ആര്.എ. പ്രകാരം 1985ല്‍ ലഭിച്ച രജിസ്ട്രേഷന് കാരണംകാണിക്കാതെയും തങ്ങളെ കേള്‍ക്കാതെയും തള്ളി എന്നു ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് പരിഗണിച്ചത്.ഓര്‍ഫനേജ് കമ്മിറ്റി 2021ല്‍ രജിസ്ട്രേഷന് പുതുക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും മൂന്നു വര്‍ഷത്തിനുശേഷം 2024ല്‍ കാരണംകാട്ടാതെ തള്ളിയെന്ന് അഡ്വ. കെ.എ. ജലീല്‍ മുഖേന നല്കിയ ഹര്‍ജിയില്‍ പറയുന്നു.ഇതിനെതിരേ നല്കിയ റിവിഷന്‍ പെറ്റീഷനും കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്നാണു കോടതിയെ സമീപിച്ചത്. 1956ല്‍ കോഴിക്കോട്ടു സ്ഥാപിച്ച മുക്കം മുസ്ലിം ഓര്‍ഫനേജിനു കീഴില്‍ അനാഥര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സ്കൂളുകളും കോളജുകളും നടത്തുന്നുണ്ട്. താമസസൗകര്യവും വസ്ത്രങ്ങളും ഭക്ഷണവും പഠനോപകരണങ്ങളും നല്‍കുന്നതിനൊപ്പം അനാഥര്‍ക്കു വീടുകള്‍ നിര്മിച്ചുനല്കുന്നതടക്കം ഒട്ടേറെ സാമൂഹിക, ചികിത്സാ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥികളും സാമൂഹിക സംഘടനകളുമടക്കം വിദേശത്തുനിന്നു നല്കുന്ന സംഭാവനയാണ് ഇക്കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എഫ്.സി.ആര്.എ. രജിസ്ട്രേഷന് പുതുക്കിയില്ല; കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
