പത്തനംതിട്ടയില്‍ കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് 7 വര്‍ഷം തടവ്

പത്തനംതിട്ടയില്‍ കൈക്കൂലി കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് 7 വർഷം തടവ്. 2014 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഈ സംഭവത്തില്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവില്‍ പൊലീസ് ഓഫീസറും, നിലവില്‍ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട കോന്നി സ്വദേശിയുമായ എ താജുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്.പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരന്റെ പേരില്‍ ഉണ്ടായിരുന്ന കേസില്‍ പരാതിക്കാരന് അനുകൂലമായ രീതിയില്‍ കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് താജുദ്ദീൻ കുടുങ്ങിയത്. കേസില്‍ വിവിധ വകുപ്പകളിലായി 7 വർഷം കഠിന തടവിനും 20,00 രൂപ പിഴ ഒടുക്കുന്നതിനും കൊല്ലം വിജിലൻസ് കോടതി വിധിച്ചു. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരൻ പ്രതിയായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലുണ്ടായിരുന്ന കേസില്‍ അനുകൂലമായി കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് താജുദ്ദീൻ കൈക്കൂലിയായി 20,000 രൂപ ആവശ്യപ്പെട്ടു.കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനില്‍ നിന്നും കൈപ്പറ്റുമ്പോഴാണ് താജുദ്ദീനെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയത്. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.ഡി രാധാകൃഷ്ണ പിള്ളയാണ് ഈ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *