കുടുംബപ്രശ്നത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്‌താൻ ഭാര്യയെ കുറ്റക്കാരിയാക്കാനാവില്ല; ബോംബെ ഹൈക്കോടതി

മുംബൈ: കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന തർക്കങ്ങളെ ആത്മഹത്യാ പ്രേരണയായി കരുതാൻ കഴിയില്ലെന്നും ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് ചൂണ്ടിക്കാട്ടി. 2019 നവംബറിൽ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വ്യക്തിയുടെ ഭാര്യക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. നിസ്സാര കാര്യങ്ങളുടെ പേരിൽ മരുമകൾ വഴക്കിടാറുണ്ടെന്നും, മകനെ അധിക്ഷേപിക്കാറുണ്ടെന്നും, മുൻകൂട്ടി അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടെന്നും ഇതാണ് മകൻ ജീവനൊടുക്കാൻ കാരണമെന്നും ആരോപിച്ച് യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.തന്റെ മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും, ഈ പീഡനങ്ങൾ സഹിക്കാതെയാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ ഒരു പ്രവർത്തി ചെയ്താൽ മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി.ദാമ്പത്യ ജീവിതത്തിലെ സാധാരണ തർക്കങ്ങൾ, വേർപിരിഞ്ഞ് ജീവിക്കുന്നതുമൊന്നും ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പ്, ഭാരതീയ ന്യായ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരവും ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ആത്മഹത്യാ പ്രേരണയുടെ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഹൈക്കോടതി, അവർക്കെതിരെയുള്ള നിയമനടപടികളും കേസും റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *