കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം വകവയ്ക്കാതെ ഉപഭോക്താവില്‍നിന്ന് അന്യായ പലിശ ഈടാക്കാനുള്ള സ്വകാര്യ ബാങ്കിന്റെ നടപടി കോട്ടയം കണ്‍സ്യൂമർ കോടതി അസാധുവാക്കി.പാലാ സ്വദേശി ഡൊമിനിക് തോമസ് ബജാജ് ഫിനാൻസില്‍ നിന്നെടുത്ത ഭവനവായ്പയ്ക്ക് കോവിഡ് കാലത്ത് മോറട്ടോറിയം ആനുകൂല്യം ലഭിച്ചിരുന്നു.എന്നാല്‍ 276 തവണ ഉണ്ടായിരുന്ന വായ്പ ബാങ്ക് ഏകപക്ഷീയമായി 475 തവണയാക്കി മാറ്റുകയും പലിശ വർധിപ്പിക്കുകയും ചെയ്തു. തിരിച്ചടവ് തവണ മുടങ്ങിയപ്പോള്‍ ലോണ്‍ എൻപിഎ ആക്കി സർഫാസി നടപടിയും ബാങ്ക് ആരംഭിച്ചു.ഇതേത്തുടർന്നു പരാതിക്കാരൻ കണ്‍സ്യൂമർ കോടതിയെ സമീപിച്ചു. മോറട്ടോറിയം കാലത്തെ പലിശ മുതലിനോടു ചേർത്തശേഷം ആദ്യ തവണ മുതല്‍ വായ്പ പുനഃക്രമീകരിച്ചാണ് ബാങ്ക് പണം ഈടാക്കിയിരുന്നത്. രേഖകള്‍ പരിശോധിച്ച ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ തിരിച്ചടവ് തവണ 275 ആയി കുറക്കുകയും പരാതിക്കാരന് ഒരു ലക്ഷം രൂപ കോടതിച്ചെലവായി ബാങ്ക് നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു.പരാതിക്കാരനു വേണ്ടി അഡ്വ. ബിസിമോൻ ചെമ്പൻകുളം, അഡ്വ. ബിജു ഇളംതുരുത്തി, അഡ്വ. ബിബിൻ മാടപ്പള്ളി, അഡ്വ. മറിയ തോമാസ്, അഡ്വ. മൃദുല ധർ എന്നിവർ ഹാജരായി.
മോറട്ടോറിയം പരിഗണിക്കാതെ പകല്‍ക്കൊള്ള; ബാങ്കിന് പിഴവിധിച്ച് കോടതി
