കൊച്ചി: ഹോമിയോപ്പതി മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശമ്പളക്കുടിശിക ഏപ്രിൽ 7നകം നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ റീഡർ പി.വി. സുരേഷ്കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഇടക്കാല ഉത്തരവ്.സെൻട്രൽ കൗൺസിൽ ഫോർ ഹോമിയോപ്പതിയുടെ സ്റ്റാഫ് പാറ്റേൺ നടപ്പാക്കണമെന്ന 2015ലെ വിധി പാലിക്കാത്തതാണ് കോടതി ഗൗരവമായെടുത്തത്. 2002 സെപ്തംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് പാറ്റേൺ നടപ്പാക്കാനും ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യാനും കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ വിധി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും ശരിവച്ചതുമാണ്.എന്നാൽ, ധനകാര്യ വകുപ്പിന്റെ അനുമതി വേണമെന്ന സാങ്കേതിക കാരണം പറഞ്ഞ് സർക്കാർ ആനുകൂല്യങ്ങൾ വൈകിപ്പിക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ കുടിശിക നൽകാൻ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടെങ്കിലും സർക്കാർ അപ്പീൽ നൽകി. അപ്പീലിൽ ഇടക്കാല ഉത്തരവൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിഷയം ഏപ്രിൽ 7ന് വീണ്ടും പരിഗണിക്കും.
ഹോമിയോ അദ്ധ്യാപകരുടെ ശമ്പളക്കുടിശിക ഏപ്രിൽ 7നകം നൽകണം: ഹൈക്കോടതി
