ഡോ. വന്ദനദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

ഡോക്ടർ വന്ദന ദാസ് വധക്കേസില്‍ വിധി ഇന്ന്. ശിക്ഷാവിധിയിന്മേല്‍ ഉള്ള വാദങ്ങള്‍ കൊല്ലം അഡിഷണല്‍ സെഷൻസ് കോടതിയില്‍ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച്‌ നടന്ന കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയില്‍ വാദം നടന്നത്.കേസ് അപൂർവങ്ങളില്‍ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കുറ്റം ചെയ്‌തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിക്കുന്നത്. വിധി കേള്‍ക്കാൻ വന്ദനയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കോടതിയില്‍ എത്തും.കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമം ഉള്‍പ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളില്‍ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തല്‍. കരുതികൂട്ടി ചെയ്‌തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്നാണ് അതിക്രമം നടത്തിയത് എന്നുമായിരുന്നു പ്രതിഭാഗം വാദം.സന്ദീപിന് പ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കല്‍ ബോർഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിധി കേള്‍ക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയില്‍ എത്തിയിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കല്‍ ആണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *