ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍; കളക്‌ട‌റുടെ വാഹനം ഉള്‍പ്പെടെ ജപ്തിചെയ്തു നഷ്‌ട‌പരിഹാരം നല്‍കാൻ ഉത്തരവ്

ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥല ഉടമയ്ക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉള്‍പ്പെടെ ഏഴു സർക്കാർ വാഹനങ്ങള്‍ ജപ്തി ചെയ്ത് നഷ്ടപരിഹാരം നല്കാൻ തലശേരി ലാൻഡ് അക്വിസിഷൻ കോടതിയുടെ ഉത്തരവ്.കൊട്ടിയൂർ നെല്ലിയോടി സ്വദേശി കെ.വി. സെബാസ്റ്റ്യൻ നല്കിയ എക്സിക്യൂഷൻ പരാതിലാണ് കോടതിയുടെ ഉത്തരവ്.കൊട്ടിയൂർ നെല്ലിയോടിയില്‍ അറുപതോളം കുടുംബങ്ങളുടെ 32 ഹെക്ടർ ഭൂമിയാണ് ആനത്താര പദ്ധതിക്കായി 2012ല്‍ നാമമാത്ര നഷ്ടപരിഹാരം നല്കി ഏറ്റെടുക്കുന്നത്. ഇതിനെതിരേ ഭൂവുടമകള്‍ തലശേരി എല്‍എആർ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2018ല്‍ നഷ്ടപരിഹാരത്തുക വർധിപ്പിച്ച്‌ കോടതി ഉത്തരവായി.തലശേരി സബ് കോടതി വിധിക്കെതിരേ സർക്കാർ അപ്പീല്‍ നല്കി. ഭൂവുടമകളും കേസില്‍ കക്ഷി ചേർന്നു. സർക്കാരിന്റെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സബ് കോടതി വർധിപ്പിച്ച തുകയേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നിശ്ചയിച്ചുകൊണ്ട് സർക്കാർ അപ്പീല്‍ തള്ളി. രണ്ടു മാസത്തിനുള്ളില്‍ സ്ഥലം ഉടമകള്‍ക്ക് പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവ്.ഒന്നര വർഷമായിട്ടും നഷ്ടപരിഹാരത്തുക അനുവദിക്കാഞ്ഞതിനെത്തുടർന്നാണ് സ്ഥലം ഉടമയായ കെ.വി. സെബാസ്റ്റ്യൻ, അഡ്വ. ജോസ് കുമ്പുക്കല്‍ മുഖേന തലശേരി ലാൻഡ് അക്വിസിഷൻ കോടതിയില്‍ എക്സിക്യൂഷൻ ഹർജി നല്‍കിയത്.ഈ ഹർജി അനുവദിച്ചുകൊണ്ടാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉള്‍പ്പെടെ ജപ്തിചെയ്ത് ലേലം ചെയ്തു വിറ്റ് ഹർജിക്കാരന് നഷ്ടപരിഹാരം അനുവദിക്കണമെന്ന് ഉത്തരവായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *