ട്രംപ് ഭരണകൂടത്തിന് കീഴില്‍ അമേരിക്കൻ ആരോഗ്യവകുപ്പ് സെക്രെട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ കൊണ്ടുവന്ന വിവാദപരമായ വാക്സിൻ പരിഷ്കാരങ്ങള്‍ ഫെഡറല്‍ കോടതി തടഞ്ഞു.കുട്ടികള്‍ക്കുള്ള വാക്സിൻ പട്ടികയില്‍ വരുത്തിയ മാറ്റങ്ങളും പുതിയ സമിതി അംഗങ്ങളുടെ നിയമനവുമാണ് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ബ്രയാൻ മർഫി സ്റ്റേ ചെയ്തത്.ഈ വർഷം ആദ്യം കെന്നഡിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നിർബന്ധമായും നല്‍കേണ്ട വാക്സിനുകളുടെ എണ്ണം 17-ല്‍ നിന്ന് 11 ആയി കുറച്ചിരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ പ്രധാന വാക്സിനുകള്‍ അതീവ ജാഗ്രത വേണ്ട കുട്ടികള്‍ക്ക് മാത്രം നല്കിയാല് മതിയെന്നായിരുന്നു പുതിയ നിർദ്ദേശം. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ‘അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്’ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.1964 മുതല്‍ വാക്സിൻ നയങ്ങള്‍ രൂപീകരിക്കുന്ന ‘അഡ്വൈസറി കമ്മിറ്റി ഓണ്‍ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസിലെ’ (ACIP) മുഴുവൻ അംഗങ്ങളായ 17 പേരെയും കെന്നഡി പിരിച്ചുവിട്ടിരുന്നു. പകരം നിയമിച്ച 13 അംഗങ്ങളില്‍ മിക്കവർക്കും വാക്സിൻ മേഖലയില്‍ മതിയായ വൈദഗ്ധ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ശാസ്ത്രീയമായ കീഴ്വഴക്കങ്ങളും നിയമപരമായ നടപടിക്രമങ്ങളും ലംഘിച്ചാണ് കെന്നഡി തീരുമാനങ്ങള്‍ എടുത്തതെന്ന് ജഡ്ജി ബ്രയാൻ മർഫി വ്യക്തമാക്കി. കൃത്യമായ പരിശോധനകളില്ലാതെയാണ് പുതിയ അംഗങ്ങളെ നിയമിച്ചതെന്നും, ഇത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.പുതിയ സമിതി എടുത്ത എല്ലാ തീരുമാനങ്ങളും അംഗങ്ങളുടെ നിയമനവും കോടതി അസാധുവാക്കി. ഇതോടെ ഈ ആഴ്ച നടക്കേണ്ടിയിരുന്ന സമിതിയുടെ യോഗം ആരോഗ്യ മന്ത്രാലയം മാറ്റിവെച്ചു.ശാസ്ത്രീയമായ തീരുമാനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ വിധിയെന്ന് മെഡിക്കല്‍ സംഘടനകള്‍ പ്രതികരിച്ചു. എന്നാല്‍, ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ട്രംപ് ഭരണകൂടത്തെ ഭരിക്കാൻ അനുവദിക്കാത്ത നീക്കമാണിതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
കുട്ടികളുടെ വാക്സിൻ പട്ടിക വെട്ടിക്കുറച്ച നടപടിക്ക് തിരിച്ചടി; ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പരിഷ്കാരങ്ങള്‍ യു.എസ് കോടതി തടഞ്ഞു
