ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് 2018-ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയില്‍ ഉറച്ചുനില്‍ക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകർ രംഗത്ത്.പ്രശസ്ത യുക്തിവാദി ഡോ. നരേന്ദ്ര ദബോല്‍ക്കറുടെ മകൻ ഹമീദ് ദബോല്‍ക്കറും, സാമൂഹ്യ പ്രവർത്തക നന്ദിനി ജാദവുമാണ് സുപ്രീം കോടതിയില്‍ ഇടപെടല്‍ ഹർജി സമർപ്പിച്ചത്.ഹർജിയിലെ പ്രധാന ആവശ്യങ്ങള്‍:വിധി നിലനിർത്തണം: സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിച്ച 2018-ലെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി ശരിവെക്കണമെന്നും, അതിനെതിരെയുള്ള പുനഃപരിശോധനാ ഹർജികള്‍ തള്ളണമെന്നുമാണ് ഇവരുടെ ആവശ്യം.ശാസ്ത്രീയ മനോഭാവം: ഭരണഘടനയുടെ ആർട്ടിക്കിള്‍ 51A(h) പ്രകാരം ശാസ്ത്രീയ മനോഭാവവും മാനവികതയും വളർത്തേണ്ടത് അനിവാര്യമാണെന്നും, തെളിയിക്കപ്പെടാത്ത മതപരമായ അവകാശവാദങ്ങള്‍ ഇതിന് തടസ്സമാകരുതെന്നും ഇവർ വാദിക്കുന്നു.തുല്യതയും അന്തസ്സും: ആർത്തവം പോലുള്ള ജൈവികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാപരമായ തുല്യതയ്ക്കും അന്തസ്സിനും നിരക്കുന്നതല്ല.അനിവാര്യ മതചര്യ (Essential Religious Practices): ‘അനിവാര്യ മതചര്യ’ എന്ന സിദ്ധാന്തത്തില്‍ ഊന്നിക്കൊണ്ട് കോടതികള്‍ മതപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്, ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി കോടതികളെ മതപണ്ഡിതരുടെ റോളിലേക്ക് എത്തിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നല്കുന്നു.ഡോ. നരേന്ദ്ര ദബോല്‍ക്കർ സ്ഥാപിച്ച ‘മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതി’യുമായി (MANS) ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഹർജിക്കാർ. ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പരമോന്നത നീതിപീഠത്തിന്റെ കടമയെന്നും, മതപരമായ സിദ്ധാന്തങ്ങളിലല്ല കോടതി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല യുവതീപ്രവേശം: വിധി പുനഃപരിശോധിക്കരുത്; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി നരേന്ദ്ര ദബോല്‍ക്കറുടെ മകൻ
