മുംബൈ: മുലയൂട്ടുന്ന കുഞ്ഞിന്‍റെ സംരക്ഷണം അമ്മയുടെ കൈകളിലായിരിക്കണമെന്ന് ബോംബൈ ഹൈക്കോടതി. കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുകൊടുക്കാന്‍ ഭര്‍ത്താവിനോട് കോടതി ഉത്തരവിട്ടു. മകളെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്.വി. കോട്വാള്‍, സന്ദേശ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ വിധി.ഭര്‍ത്താവിന്‍റെയും സഹോദരിയുടെയും ഉപദ്രവത്തെത്തുടര്‍ന്ന് സ്വരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞമാസം ഭര്‍ത്തൃഗൃഹം വിടേണ്ടിവന്നെന്ന് യുവതി ഹര്‍ജിയില്‍ പറഞ്ഞു. അന്നു മുതല്‍ അവരുടെ ഒരുവയസുള്ള മകള്‍ ഭര്‍ത്താവിന്‍റെ സംരക്ഷണത്തിലാണ്.2023-ല്‍ വിവാഹിതയായശേഷം ശാരീരികവും മാനസികവുമായ ക്രൂരതയ്ക്ക് താന്‍ ഇരയായിക്കൊണ്ടിരിക്കുകയായിരുന്നെന്ന് യുവതി ഹര്‍ജിയില്‍ ആരോപിച്ചു. കുഞ്ഞിന് താന്‍ മുലയൂട്ടുന്നുണ്ടെന്നും അതിനാല്‍ സംരക്ഷണം കൈമാറണമെന്നുമായിരുന്നു ആവശ്യം. ഭാര്യ സ്വന്തം നിലയില്‍ വീടുവിട്ടുപോയതാണെന്നും തന്നോടൊപ്പം ജീവിക്കാന്‍ വിസമ്മതിച്ചെന്നും ആരോപിച്ച് ഭര്‍ത്താവ് ഹര്‍ജിയെ എതിര്‍ത്തു.ഭാര്യക്ക് വരുമാനമില്ലാത്തതിനാല്‍ കുട്ടി തന്നോടൊപ്പം കഴിയുന്നതാണ് നല്ലതെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഭര്‍ത്താവ് ജോലി ചെയ്യുന്നതിനാല്‍ കുട്ടിയെ പരിപാലിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീക്ക് കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കിയാണ് കുട്ടിയെ അമ്മയ്ക്ക് ഒപ്പം വിടാന്‍ കോടതി അനുമതി നല്‍കിയത്.
മുലയൂട്ടുന്ന കുഞ്ഞിന്‍റെ സംരക്ഷണം അമ്മയ്‌ക്കെന്ന് ബോംബെ ഹൈക്കോടതി
