ഇറാനിയൻ നാവികരുടെ മൃതദേഹങ്ങള്‍ കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി

ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയ്ക്ക് (IRIS Dena) നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട 84 നാവികരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇറാൻ എംബസിക്ക് കൈമാറാൻ ഗല്ലെ ചീഫ് മജിസ്‌ട്രേറ്റ് സമീറ ദൊഡംഗോഡ ഗാല്ലെ നാഷണല്‍ ആശുപത്രി ഡയറക്ടർക്ക് നിർദ്ദേശം നല്‍കി. നിലവില്‍ ആശുപത്രിയിലെ രണ്ട് പ്രത്യേക ഫ്രീസർ കണ്ടെയ്നറുകളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പലാണ് കടലില്‍ വെച്ച്‌ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന 32 നാവികരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ആശുപത്രി അധികൃതർ ഇവരെ വിട്ടയച്ചു. ഇവരെ നിലവില്‍ സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.മൃതദേഹങ്ങള്‍ ഇറാനിലേക്ക് കൊണ്ടുപോകാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകുന്നത് വരെ ശ്രീലങ്കയില്‍ തന്നെ സൂക്ഷിക്കാനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആശുപത്രി മോർച്ചറിയില്‍ ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്തതിനെത്തുടർന്ന് നിലവില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച ഫ്രീസർ കണ്ടെയ്നറുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കോടതി ഉത്തരവ് വന്നതോടെ മൃതദേഹങ്ങള്‍ എത്രയും വേഗം ഇറാനിലേക്ക് എത്തിക്കാനുള്ള നടപടികള്‍ എംബസി ആരംഭിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ സമുദ്രമേഖലയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ ആക്രമണത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *