ചികിത്സാവീഴ്ച: 493,736 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്വകാര്യ ആശുപത്രിയോട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ

രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ.പെരുമ്പടപ്പ് സ്വദേശിയ്ക്ക് 493,736 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയുള്ള ചികിത്സ പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിന് കാരണമായി.രാത്രി വീട്ടില്‍ വീണ് പരിക്ക് പറ്റിയതിനെ തുടർന്നാണ് ഉമ്മയെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടർന്നുള്ള പരിശോധനയില്‍ തുടയെല്ല് പൊട്ടിയതായി കണ്ടെത്തി. ഉടൻ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നല്‍കി.രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂർണ്ണമായും പഴുത്തതിനെ തുടർന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷൻ വഴി പഴുപ്പ് ബാധിച്ചത് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികിത്സ ഫലം കണാത്തതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം ഡിസ്ചാർജ്ജ് ചെയ്‌തെങ്കിലും ഒരു മാസത്തിന് ശേഷം രോഗി മരണപ്പെട്ടു.തുടർന്നാണ് ചികിത്സാ വീഴ്ചക്കെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരന് പുറമെ രണ്ട് ഡോക്ടർമാരെയും വിസ്തരിച്ചു. പ്രമേഹബാധിതയാണ് രോഗിയെന്ന് മനസിലാക്കാതെയുള്ള ചികിത്സയും അശ്രദ്ധയും കമ്മീഷൻ കണ്ടെത്തി. മരണകാരണം ചികിത്സാ പിഴവായിരുന്നില്ലെങ്കിലും രോഗിയെ മരണത്തോടടുപ്പിക്കാൻ ചികിത്സ നിമിത്തമായെന്ന് കമ്മീഷൻ വിധിയില്‍ പറഞ്ഞു.ചികിത്സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഒരു മാസത്തിനകം ഹരജിക്കാരന് നല്‍കാൻ കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വീഴ്ച വന്നാല്‍ ഒമ്പത് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *