കോടതി വിധി നേരിട്ട് ബാധിക്കുന്ന വ്യക്തികള്‍ കേസില്‍ കക്ഷികളല്ലെങ്കില്‍ പോലും അവർക്ക് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നല്‍കാനോ ഉചിതമായ ഫോറങ്ങളില്‍ ചോദ്യം ചെയ്യാനോ അവകാശമുണ്ടെന്ന് സുപ്രീം കോടതി.കേസില്‍ കക്ഷികളല്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ നിയമപരമായ വഴികള്‍ തുറന്നുകിടക്കുകയാണെന്നും കോടതി വ്യക്തമാക്കി.കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനം.സർവീസ് സംബന്ധമായ കേസുകളില്‍ കോടതി വിധികള്‍ കക്ഷികളായവരില് മാത്രം ഒതുങ്ങിനില്‍ക്കാറില്ല. ഒരേ കേഡറിലുള്ള മറ്റ് ജീവനക്കാരെയും വിധി ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളില്‍ ബാധിക്കപ്പെടുന്നവർക്ക് കോടതിയെ സമീപിക്കാൻ അർഹതയുണ്ട്.’അഗ്രീവ്ഡ് പേഴ്സണ്‍’ (അങ്കലാപ്പിലായ വ്യക്തി): കേസില്‍ കക്ഷിയല്ലെങ്കിലും ഒരു വിധി മൂലം തന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ കഴിയുന്ന വ്യക്തിക്ക് പുനഃപരിശോധനാ ഹർജി നല്‍കാം.കെ. അജിത് ബാബു കേസ് (1997), രാമറാവു കേസ് (2007), നരേഷ്കുമാർ ജഗദ് കേസ് (2019) എന്നീ സുപ്രധാന വിധികള്‍ മുൻനിർത്തിയാണ് സുപ്രീം കോടതി ഈ നിലപാട് ആവർത്തിച്ചത്.കേരള സാങ്കേതിക വിദ്യാഭ്യാസ സർവീസ് ചട്ടങ്ങളിലെ (2004) റൂള്‍ 6A പ്രകാരം പി.എച്ച്.ഡി ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് നല്കിയ ഇളവ് സംബന്ധിച്ചായിരുന്നു തർക്കം. ഈ റൂള്‍ മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നെങ്കിലും, പിന്നീട് സുപ്രീം കോടതി അത് പുനഃസ്ഥാപിക്കുകയും പി.എച്ച്.ഡി നേടാത്തത് ഇൻക്രിമെന്റുകളെ മാത്രമേ ബാധിക്കൂ എന്നും സ്ഥാനക്കയറ്റത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.തുടർന്ന് സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരുടെ ആനുകൂല്യങ്ങള്‍ ഹൈക്കോടതിയുടെയും ട്രൈബ്യൂണലിന്റെയും പിന്നീട് വന്ന ഉത്തരവുകള്‍ വഴി തടസ്സപ്പെട്ടതോടെയാണ് അധ്യാപകർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഒരിക്കല്‍ തീർപ്പാക്കിയ കാര്യങ്ങളില്‍ വീണ്ടും ഇടപെടാൻ ഹൈക്കോടതിക്ക് കഴിയില്ലെന്നും, ബാധിക്കപ്പെട്ടവർക്ക് പരാതി ബോധിപ്പിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കോടതി ഉത്തരവിട്ടു.
കോടതി വിധി ബാധിക്കുന്നവര്‍ക്ക് കക്ഷികളല്ലെങ്കിലും നിയമപോരാട്ടം നടത്താം: സുപ്രീം കോടതി
