‘എക്സിക്യൂട്ടീവിന്‍റെ തലവൻ മുഖ്യമന്ത്രി, സന്ദേശം ഭരണനിര്‍വഹണത്തിന്റെ ഭാഗം’; ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്ന് സത്യവാങ്മൂലം, ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോർച്ച വിവാദത്തില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച്‌ സംസ്ഥാന സർക്കാർ.ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി നിലനിക്കില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഡാറ്റാ ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ല. ബഡ്ജറ്റില്‍ അനുവദിച്ച കര്യങ്ങളാണ് സന്ദേശത്തില്‍ ഉള്ളത്. സേവനങ്ങള്‍ നല്‍കിയ സർക്കാർ ജീവനക്കാരോടുള്ള ആദരവാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ആരുടെയും വ്യക്തി വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ല. ഡി എ കുടിശ്ശിക അനുവദിച്ചതും എച്ച്‌ ആർ എ പുനഃസ്ഥാപിച്ചതും ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് നിലവില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ വിവരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങള്‍ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐ ടി മിഷൻ മുഖേനയാണ് സന്ദേശങ്ങള്‍ അയച്ചത്. സർക്കാർ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനായി കെ എസ് ഐ ടി എം ഒരുക്കിയ വാട്സ്‌ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശത്തില്‍ തെരഞ്ഞെടുപ്പ് അഭ്യർത്ഥനയോ വോട്ട് തേടലോ ഇല്ല. മുഖ്യമന്ത്രിയുടെ സന്ദേശം ഭരണനിർവഹണത്തിന്റെ ഭാഗം. എക്സിക്യൂട്ടീവിന്‍റെ തലവൻ ആണ് മുഖ്യമന്ത്രിയെന്നും അതുകൊണ്ടുതന്നെ ഇത്തരം സന്ദേശങ്ങള്‍ അയക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സ്പാർക്ക് ശമ്പള ആവശ്യത്തിന് മാത്രമുള്ളതല്ല. ജീവനക്കാരുടെ എച്ച്‌ ആർ സംബന്ധിയായ എല്ലാ കാര്യങ്ങളും സ്പാർക്കിലാണ് നിർവഹിക്കുന്നത്. ജീവനക്കാരെ നയപരമായ തീരുമാനങ്ങള്‍ അറിയിക്കാനും ഈ സംവിധാനം ഉപയോഗിക്കുന്നു. അത്തരത്തിലുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശമെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വിവരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *