വീട്ടമ്മമാർ കുടുംബത്തിനായി ചെയ്യുന്ന അധ്വാനം കേവലം സേവനമല്ലെന്നും, അത് വരുമാനമുള്ള പങ്കാളിയെ ജോലി ചെയ്യാൻ പ്രാപ്തമാക്കുന്ന വലിയൊരു സംഭാവനയാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. തൊഴിലില്ലാത്ത ഭാര്യ അലസയാണെന്ന തെറ്റായ പൊതുബോധം തിരുത്തപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കി. വിവാഹമോചന വേളയിൽ ജീവനാംശം നിശ്ചയിക്കുമ്പോൾ സാമ്പത്തിക വരുമാനം മാത്രം നോക്കാതെ, വർഷങ്ങളായി അവർ വീടിനും കുടുംബത്തിനുമായി നൽകിയ അദൃശ്യമായ സേവനങ്ങളുടെ മൂല്യം കൂടി പരിഗണിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു.ഒരു വീട്ടമ്മ കുടുംബം കൈകാര്യം ചെയ്യുന്നതും കുട്ടികളെ പരിപാലിക്കുന്നതും വഴി പങ്കാളിയുടെ കരിയറിന് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. ഈ ഉത്തരവാദിത്തങ്ങൾ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിലോ നികുതി രേഖകളിലോ രേഖപ്പെടുത്താത്തതുകൊണ്ട് അവയെ അവഗണിക്കുന്നത് അനീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷം പല സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നത് കുടുംബത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ്. ഇതിനെ മനഃപൂർവമുള്ള ആശ്രയത്വമായോ അലസതയായോ ഭർത്താക്കന്മാർ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി കർശനമായി പറഞ്ഞു.കുടുംബം കെട്ടിപ്പടുക്കാൻ തന്റെ സമയവും അധ്വാനവും വർഷങ്ങളോളം ചിലവഴിച്ച ഒരു സ്ത്രീയെ സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യം ഉണ്ടാകരുത്. നിയമപ്രകാരം വേർപിരിഞ്ഞ ഭാര്യയ്ക്ക് ജീവനാംശം നൽകുന്നത് പരിഗണിച്ചപ്പോഴാണ് കോടതി ഈ നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്. കുടുംബത്തിലെ സ്ത്രീകളുടെ അധ്വാനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്നും അത് യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിയണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
“വീട്ടമ്മമാർ അലസരല്ല”; അവരുടെ അധ്വാനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി
