പുത്തൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന് കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക നൽകാത്തതിനെ തുടർന്ന് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു തുക മരവിപ്പിച്ച് കോടതി ഉത്തരവ്. 25,79,317 രൂപ മരവിപ്പിക്കാനാണ് പുനലൂർ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലി(20)ന്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2017-ൽ തെന്മലയിൽ െവച്ചാണ് തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസിടിച്ച് അഖിൽ മരിച്ചത്. തുടർന്ന് പുനലൂർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ മുൻപാകെ കേസ് ഫയൽ ചെയ്യുകയും ചെയ്തു.2024-ൽ 18,10,200 രൂപയും കോടതിച്ചെലവും പലിശയും ഉൾപ്പെടെ 23,65,915 രൂപ അനുവദിച്ച് കുടുംബത്തിന് നൽകാനുള്ള ഉത്തരവുണ്ടായിരുന്നു. എന്നാൽ തുക കെട്ടിവയ്ക്കാൻ കമ്പനി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അമ്മ എൽ. ഗിരിജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്നാണ് ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത ബസിന്റെ ഉടമയായ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ പാർക്ക് ടൗൺ അക്കൗണ്ടിൽനിന്ന് മുൻ തുകയും പലിശയുമുൾപ്പെടെയുള്ള തുക മരവിപ്പിക്കാൻ ഉത്തരവുണ്ടായത്. ഹർജിക്കാർക്കുവേണ്ടി കൊട്ടാരക്കര ബാറിലെ അഭിഭാഷകനും പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് വർഗീസ് ഹാജരായി.
വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല, തമിഴ്നാട് ട്രാൻ.കോർപറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
