ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘത്തിന് (SIT) കോടതിയില്‍ കനത്ത തിരിച്ചടി.എസ്‌ഐടിയുടെ ആരോപണങ്ങള്‍ ഒന്നൊന്നായി കോടതിയില്‍ പൊളിഞ്ഞു. ആരോപിക്കപ്പെടുന്ന ക്രമക്കേടുകളില്‍ തന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തരത്തില്‍ തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാൻ എസ്‌ഐടിക്കു കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ഉത്തരവാദിത്തം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കാണെന്നും പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും തന്ത്രിയുടെ ജാമ്യ ഉത്തരവില്‍ കോടതി.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.2019 ജൂലൈ 20ലെയും 2019 മേയ് 18ലെയും മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കാൻ പാകത്തിലുള്ളതല്ലെന്ന് കോടതി.ബോർഡിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മഹസർ തയാറാക്കിയിരിക്കുന്നത്. ഗൂഢാലോചന ഉണ്ടായിരുന്നെങ്കില്‍ തന്ത്രി രണ്ടു മഹസറുകളിലും ഉറപ്പായും ഒപ്പിടുമായിരുന്നു. ദേവസ്വം ബോർഡ് മുൻപ് എടുത്ത തീരുമാനങ്ങളില്‍ ഇടപെടാൻ കഴിയില്ലെന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു.അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ബോർഡ് എടുത്ത തീരുമാനങ്ങള്‍ ക്ഷേത്രത്തിലെ പൂജകളുമായോ ആചാരങ്ങളുമായോ മതപരമായ ചടങ്ങുകളുമായോ ബന്ധപ്പെട്ടതല്ലെന്നും ഉത്തരവില്‍ പറയുന്നു.ബോർഡ് ആവശ്യപ്പെടുമ്പോള്‍ മാത്രം അനുജ്ഞ നല്‍കുകയാണ് തന്ത്രിയുടെ ചുമതല എന്നാണ് ബോർഡ് മാന്വലില്‍ പറയുന്നത്. ക്ഷേത്രത്തിലെ പൂജകളുമായും താന്ത്രികചടങ്ങുകളുമായും ബന്ധപ്പെട്ട് മാത്രമാണ് തന്ത്രിയുടെ ചുമതല. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുമായോ തിരുവാഭരണം സൂക്ഷിപ്പിലോ തന്ത്രിക്കു ഒരു പങ്കു വഹിക്കാനില്ല. ഇതിനായി ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥവൃന്ദമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
