ശബരിമല സ്വർണക്കൊള്ള കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു.ദ്വാരപാലക ശില്പ പാളികള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നല്‍കിയിട്ടില്ലെന്നാണ് ജയശ്രീ സത്യവാങ്മൂലത്തില്‍ പറയുന്നത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേല്‍നോട്ടത്തിലും പണികള്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയതെന്നും ജയശ്രീ പറയുന്നു. ദേവസ്വം ബോർഡിന്റെ മിനിറ്റ്സില്‍ തിരുത്ത് വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ് ജയശ്രീ വിശദീകരിക്കുന്നു. നടപടികള്‍ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താൻ ജീവിതത്തില്‍ ഒരിക്കല്‍ പോലും ശബരിമലയില്‍ പോയിട്ടില്ലെന്നും എസ് ജയശ്രീ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ സുപ്രീംകോടതിയുടെ പരിഗണന തുടരുകയാണ്.ശബരിമല സ്വർണക്കവർച്ച കേസില്‍ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ല്‍ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിർദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം.
ശബരിമലയില്‍ ഒരിക്കല്‍ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികള്‍ പുറത്ത് കൊണ്ടുപോകാൻ അനുമതി നല്‍കിയിട്ടില്ല’: സ്വര്‍ണക്കൊള്ള കേസില്‍ സുപ്രീംകോടതിയില്‍ എസ് ജയശ്രീ
