ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരുടെ പ്രവേശനം തടഞ്ഞ പോസ്റ്ററുകള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുള്ള എട്ട് ഗ്രാമങ്ങളില്‍ ക്രിസ്ത്യൻ പാസ്റ്റർമാരുടെയും മതം മാറിയവരുടെയും പ്രവേശനം തടഞ്ഞുകൊണ്ട് സ്ഥാപിച്ച ബോർഡുകള്‍ക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി.ഈ ബോർഡുകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന ഒക്ടോബറിലെ ഛത്തീസ്ഗഡ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.ഗോത്രവർഗക്കാരുടെ താത്പര്യങ്ങളും പ്രാദേശിക സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള “മുൻകരുതല്‍ നടപടി” എന്ന നിലയിലാണ് ബോർഡുകള്‍ സ്ഥാപിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാൻ വിസമ്മതിച്ച കോടതി, പരാതിക്കാർക്ക് പിഇഎസ്‌എ (പഞ്ചായത്ത് എക്സ്റ്റന്റഷൻ ടു ഷെഡ്യൂള്‍ഡ് ഏരിയാസ്) നിയമങ്ങള്‍ പ്രകാരമുള്ള അതോറിറ്റിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.ക്രിസ്ത്യൻ സമൂഹത്തോടുള്ള വിവേചനമാണ് ഇത്തരം ബോർഡുകളെന്ന് കാട്ടി കാങ്കർ സ്വദേശിയായ ദിഗ്ബാല്‍ ടാണ്ഡിയാണ് ഹർജി നല്‍കിയത്. ആദിവാസി മേഖലകളില്‍ മിഷനറി പ്രവർത്തനങ്ങള്‍ നടക്കുന്നതായി കൃത്യമായ തെളിവുകളില്ലാതെയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോണ്‍സാല്‍വസ് വാദിച്ചു.ഹൈക്കോടതിയില്‍ ഉന്നയിച്ചതിനേക്കാള്‍ പുതിയ കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ ഹർജിക്കാർ ചേർത്തിട്ടുണ്ടെന്നും അതിനാല്‍ ഹർജി നിലനില്‍ക്കില്ലെന്നും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത വാദിച്ചു. പഞ്ചായത്ത് നിയമങ്ങള്‍ പ്രകാരമുള്ള ബന്ധപ്പെട്ട അധികാരികളെ സമീപിച്ച്‌ സത്യവാങ്മൂലവും തെളിവുകളും നല്‍കി വിഷയം പരിശോധിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *