തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ മുൻ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയില്‍ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.മൂന്നു വർഷത്തെ തടവും പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള അപ്പീലിലാണ് ഇന്ന് നിർണ്ണായക വിധി വരുന്നത്.ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അദ്ദേഹം അഭിഭാഷകനായിരുന്നു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹം നിയമസഭയില്‍ നിന്നും അയോഗ്യനായി. കേസ് രജിസ്റ്റർ ചെയ്തത് മുതല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആന്റണി രാജുവിന്റെ പ്രധാന വാദം. എന്നാല്‍ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി എതിർത്തിരുന്നു. ശിക്ഷാവിധി കോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന് അയോഗ്യതയില്‍ നിന്നും മോചനം ലഭിക്കൂ എന്നതിനാല്‍ ഇന്നത്തെ കോടതി വിധി രാഷ്ട്രീയപരമായും നിയമപരമായും ഏറെ നിർണ്ണായകമാണ്.
ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്
