ലിവ്- ഇൻ പങ്കാളിക്ക് പുരുഷനെതിരെ സ്ത്രീധന പീഡനക്കേസ് നല്‍കാനാകുമോ? ആധികാരികത പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡല്‍ഹി:ലിവ്-ഇൻ ബന്ധത്തിലെ പങ്കാളിക്ക് പുരുഷനെതിരെ സ്ത്രീധന പീഡനം ഫയൽ ചെയ്യാനാകുമോ എന്നതിലെ ആധികാരികത തേടി സുപ്രീം കോടതി. ലിവ്-ഇൻ ബന്ധത്തിലോ സ്ത്രീയുമായി വിവാഹത്തിന് സമാനമായ ബന്ധത്തിലോ ഉള്ള പുരുഷനെതിരെ കേസ് ഫയല്‍ ചെയ്യാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. ഐപിസി സെക്ഷൻ 498 എ അല്ലെങ്കിൽ 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകള്‍ എന്നിവ പരിശോധിക്കും.സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ആധികാരികത പരിശോധിക്കാന്‍ ഉത്തരവിട്ടത്. സെക്ഷൻ 498 എ ലിവ്-ഇൻ ബന്ധങ്ങൾക്കും ബാധകമാണോ? എന്ന ഹര്‍ജിയിലാണ് നടപടി. 2025 നവംബർ 18 ന് കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്‌തായിരുന്നു ഹര്‍ജി. സെക്ഷൻ 498 എ ലിവ്-ഇൻ ബന്ധങ്ങൾക്കും ബാധകമാണെന്ന് ഹൈക്കോടതി വിധിച്ചതോടെയാണ്, ഇത് ശരിയാണോ എന്ന് ഉന്നയിച്ച് ഹര്‍ജി ഫയല്‍ ചെയ്‌തത്. ശിവമോഗയിൽ നിന്നുള്ള കാർഡിയോളജിസ്റ്റ് ലോകേഷ് ബിഎച്ച് ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ആനന്ദ് സഞ്ജയ് എം നൂലിയുടെ നേതൃത്വത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഇന്ന് (ഫെബ്രുവരി 14) വാദം കേട്ടതിന് പിന്നാലെ ഈ വിഷയത്തില്‍ കോടതിയെ സഹായിക്കാൻ അഭിഭാഷക നീന ആർ നരിമാനെ അമിക്കസ് ക്യൂറിയായി ബെഞ്ച് നിയമിച്ചു. രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്‌തു. 2026 മാർച്ച് 9 ന് കേസില്‍ കൂടുതൽ വാദം കേൾക്കാൻ ബെഞ്ച് തീരുമാനിച്ചു.ഈ വിഷയത്തിൽ നിയമ-നീതിന്യായ മന്ത്രാലയത്തെ ഒരു കക്ഷിയായി ഉൾപ്പെടുത്താൻ ബെഞ്ച് ഉത്തരവിട്ടു. കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ സഹായം തേടുകയും ചെയ്‌തു. അതേസമയം കർണാടക സർക്കാരിനും ബെഞ്ച് നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *