തോക്കു ചൂണ്ടി ലോട്ടറി ത‌ട്ടി: കേസ് വേണ്ടെന്നു പരാതിക്കാരും പ്രതികളും; പറ്റില്ലെന്നു പൊലീസ്

കണ്ണൂർ : പേരാവൂരിൽ ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന കേസ് പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരനും പ്രതിയും. സമ്മാനത്തുക നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് എങ്ങനെെയങ്കിലും കേസ് പിൻവലിച്ച് ടിക്കറ്റ് ലോട്ടറിവകുപ്പിനു സമർപ്പിക്കാൻ നീക്കം നടത്തുന്നത്.പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനാണ് ഡിസംബർ 30ന് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമടിച്ചത്. തോക്കു ചൂണ്ടി ടിക്കറ്റ് തട്ടിയെടുത്തെന്നും തന്റെ സുഹൃത്ത് വിജീഷിനെ കാറിൽ തട്ടിക്കൊണ്ടു പോയെന്നും ജനുവരി 15 നാണ് സാദിഖ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ലോട്ടറി അനധികൃതമായി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം തട്ടിയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരാതിക്കാരനും പ്രതികളും നേരത്തേ പരിചയമുള്ളവരാണെന്നും കണ്ടെത്തിയിരുന്നു.കേസിൽ അറസ്റ്റിലായ പ്രതി ഷുഹൈബ് ജയിലിലാണ്. മറ്റൊരു പ്രതി ഫാരിസും ഷുഹൈബും ചേർന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവർ നൽകിയ ഹർജിയിൽ പരാതിക്കാരായ സാദിഖ്, വിജീഷ് എന്നിവരുടെ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നമാണെന്നും പൊലീസ് ഇടപെട്ടാണ് കൂടുതൽ സങ്കീർണമാക്കിയതെന്നുമാണ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്. എഫ്ഐആർ ഉൾപ്പെടെ റദ്ദാക്കണമെന്നാണ് ആവശ്യം. കോടതി ഇത് സംബന്ധിച്ച് പൊലീസിനോട് കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടി. തുടർന്ന് പൊലീസ് സാദിഖിന്റെയും വിജീഷിന്റെയും മൊഴിയെടുത്തു. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോയതാണെന്നുമാണ് വിജീഷ് ഇന്നലെ പൊലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യം ഉണ്ടായിട്ടുപോലും, തട്ടിക്കൊണ്ടുപോയി എന്ന് പരാതിക്കാർ പറഞ്ഞ വാഹനം പിന്നീട് തിരിച്ചറിയാൻ അവർ കൂട്ടാക്കിയില്ല. കേസിൽ ഒരാളെ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചുള്ളു. പരാതിക്കാർ പറഞ്ഞ പ്രതികളെ ബെംഗളൂരുവിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് ഇവരെ തിരിച്ചറിയാൻ കൂട്ടാക്കാതെ വന്നതോടെ വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ വാദിഭാഗവും പ്രതിഭാഗവും തമ്മിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർ കൂത്തുപറമ്പ് കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ കേസ് റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പേരാവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. ലോട്ടറി ടിക്കറ്റ് പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.സമ്മാനാർഹമായ ടിക്കറ്റ് 30 ഫലപ്രഖ്യാപനം നടന്ന് ദിവസത്തിനകം ലോട്ടറിവകുപ്പിൽ നൽകണമെന്നാണ് നിയമം. ഇത് 90 ദിവസം വരെ ആകാമെങ്കിലും കൃത്യമായ കാരണം ബോധിപ്പിക്കണം. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു എന്ന് കേസ് റജിസ്റ്റർ ചെയ്തതിനാൽ ഇനി കോടതി ഉത്തരവുണ്ടെങ്കിലേ ടിക്കറ്റ് മാറാൻ സാധിക്കൂ. 

Leave a Reply

Your email address will not be published. Required fields are marked *