മാലൂര്‍ തെരഞ്ഞെടുപ്പ് കേസ്: കോണ്‍ഗ്രസ് എംഎല്‍എ കെ.വൈ. നഞ്ചെഗൗഡയുടെ വിജയം സുപ്രീംകോടതി ശരിവെച്ചു

കർണാടകയിലെ മാലൂർ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കെ.വൈ. നഞ്ചെഗൗഡയുടെ 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി ശരിവെച്ചു.നഞ്ചെഗൗഡയുടെ വിജയം റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ മുൻ ഉത്തരവ് കോടതി അസാധുവാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.2023-ലെ തെരഞ്ഞെടുപ്പില്‍ 248 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാർത്ഥി കെ.എസ്. മഞ്ജുനാഥ് ഗൗഡയെ നഞ്ചെഗൗഡ പരാജയപ്പെടുത്തിയത്. എന്നാല്‍ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച്‌ മഞ്ജുനാഥ് ഗൗഡ ഹൈക്കോടതിയെ സമീപിച്ചു. വോട്ടെണ്ണല്‍ പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി 2025 സെപ്റ്റംബറില്‍ ഹൈക്കോടതി നഞ്ചെഗൗഡയുടെ വിജയം റദ്ദാക്കിയിരുന്നു.ഹൈക്കോടതി ഉത്തരവിനെതിരെ നഞ്ചെഗൗഡ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, കോടതി വോട്ടുകള്‍ വീണ്ടും എണ്ണാൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പുനർ വോട്ടെണ്ണലിന്റെ ഫലം മുദ്രവെച്ച കവറില്‍ സുപ്രീംകോടതിക്ക് സമർപ്പിച്ചു.മുദ്രവെച്ച കവർ തുറന്ന് പരിശോധിച്ച കോടതി, പുനർ വോട്ടെണ്ണലിലും നഞ്ചെഗൗഡ തന്നെയാണ് വിജയിച്ചതെന്ന് കണ്ടെത്തി. പുതുക്കിയ കണക്കുകള്‍ പ്രകാരം അദ്ദേഹം 250 വോട്ടുകള്‍ക്ക് വിജയിച്ചതായി കോടതി രേഖപ്പെടുത്തി.പുനർ വോട്ടെണ്ണലിലും വിജയിയായ സാഹചര്യത്തില്‍ നഞ്ചെഗൗഡയുടെ എംഎല്‍എ സ്ഥാനം നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു. വീഡിയോ റെക്കോർഡിംഗിലെ പിഴവുകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *