പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് കണ്ടെത്തി നടപടി ശുപാർശചെയ്തിട്ടും ഫലമില്ലാതെപോകുന്ന സ്ഥിതി മാറുന്നു. വിജിലൻസ് നടപടികൾക്ക് എന്തുസംഭവിക്കുന്നു എന്നറിയാനുള്ള സംവിധാനം ഹൈക്കോടതി ഏർപ്പെടുത്തി. ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഇടപെടൽ. വിജിലൻസ് ശുപാർശകളിൽ ബോർഡ് എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് നിർദേശം.ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷ്യൽ കമ്മിഷണറുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും.വിജിലൻസ് എസ്.പി. വർഷത്തിൽ നാലുതവണ ക്ഷേത്രങ്ങളിൽ പരിശോധന നടത്തി ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകണം. ഓരോ പാദവും അവസാനിച്ച് ഏഴാംദിവസം ദേവസ്വം ബോർഡ് പ്രസിഡന്റിന് റിപ്പോർട്ട് കൈമാറണം.ക്രമക്കേടുകൾ, അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ അടക്കമുള്ള കാര്യങ്ങളും പരാതികളുമെല്ലാം പരിശോധിക്കണം. റിപ്പോർട്ട് ഒരുമാസത്തിനകം ബോർഡ് പരിശോധിച്ച് വൈകാതെ തുടർനടപടി വിവരം സ്പെഷ്യൽ കമ്മിഷണറെ അറിയിക്കണം. നടപടിയെടുത്തതിന്റെ റിപ്പോർട്ടിനൊപ്പം സ്‌പെഷ്യൽ കമ്മിഷണർ അദ്ദേഹത്തിന്റെ റിപ്പോർട്ടും ചേർത്ത് ദേവസ്വം ബെഞ്ചിന് കൈമാറും. മേയ്, ഓഗസ്റ്റ്, നവംബർ, ഫെബ്രുവരി എന്നീ മാസങ്ങളുടെ മധ്യത്തിൽ ബെഞ്ച് ഇവ പരിഗണിക്കും.
വിജിലൻസ് റിപ്പോർട്ട് മുക്കാൻ ഇനി പറ്റില്ല; ടൈംടേബിൾ തയ്യാറാക്കി ഹൈക്കോടതി
