ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.ദ്വാരപാലക ശില്‍പ്പ കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാല്‍ ജയില്‍ മോചിതനാകും. ദ്വാരപാലക ശില്പ കേസില്‍ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്.എന്നാല്‍, കട്ടിള പാളി കേസില്‍ റിമാൻഡ് തുടരുന്നതിനാല്‍ ജയില്‍ മോചിതനാകാനായില്ല. പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് കട്ടിളപാളി കേസിലും ജാമ്യഹർജിയുമായി ഉണ്ണികൃഷ്ണൻ പോറ്റി വിജിലൻസ് കോടതിയെ സമീപിച്ചത്. ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവില്‍ കട്ടിളപ്പാളികളിലുമുള്ള സ്വർണ്ണം അപഹരിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയുള്ള പ്രധാന ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണിക്കൃഷ്ണൻ അറസ്റ്റ് ചെയ്തത്.2019-ലാണ് സ്‌പോണ്‍സർ എന്ന നിലയില്‍ സ്വർണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവില്‍ ദ്വാരപാലകശില്‍പത്തിലെ സ്വർണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതി ചേർത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *