ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ച എട്ടരപവൻ സ്വർണം വർഷങ്ങള്‍ക്കിപ്പുറം മുക്കുപണ്ടമായി മാറിയ കേസില്‍ സമാന്തര അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ.തൃശൂര്‍ ഡെപ്യൂട്ടി കളക്ടർ പ്രാണ്‍ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക പ്രയാസമാണെന്നിരിക്കെ റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നല്കാൻ സർക്കാർ ബാധ്യസ്ഥരെന്നാണ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് സ്വർണം സൂക്ഷിക്കാൻ ഏല്‍പ്പിച്ച വർഷം മുതലുള്ള എല്ലാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്റെ സ്വർണഭാരംഗങ്ങളാണ് മുക്കുപണ്ടമായി മാറിയത്. 2003 ല്‍ റംലത്ത് മരണപ്പെട്ടതിനെത്തുടർന്നാണ് സ്വർണം ആര്‍ടിഒ ഓഫീസില്‍ സൂക്ഷിക്കാൻ കോടതി ആവശ്യപ്പെട്ടത്. റംലത്തിന്റെ മക്കള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ ഈ സ്വർണം അവർക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ മക്കള്‍ പ്രായപൂര്‍ത്തിയായ ശേഷം സ്വർണം തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ഇത് മുക്കുപണ്ടമായി മാറിയ വിവരം അറിയുന്നത്.കാട്ടൂരിലെ സുലൈഖയുടെ മകള്‍ റംലത്ത് 2003 ജനുവരി 25 നാണ് മരണപ്പെടുന്നത്. വീട്ടില്‍ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം വേണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എട്ടര പവന്റെ സ്വര്‍ണാഭരണങ്ങളാണ് റംലത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. താലിമാലയും തടവളയും കമ്മലും ഉള്‍പ്പെടുന്നതായിരുന്നു ആഭരണം. ഭര്‍തൃ വീട്ടുകാരുമായി അത്ര രസത്തിലായിരുന്നില്ല റംലത്തും കുടുംബവും. റംലത്തിന്റെ മക്കളാകട്ടെ ചെറിയ കുട്ടികളും. അങ്ങനെ സ്വര്‍ണാഭാരണങ്ങള്‍ പരിശോധിച്ച് രേഖയാക്കി. സൂക്ഷിക്കാനായി കോടതി ഉത്തരവിട്ടത്.തൃശൂര്‍ എസ്ഡിഎം ഓഫീസിലാണ് സ്വർണം സൂക്ഷിച്ചത്. മക്കള്‍ പ്രായപൂർത്തിയാകുന്നത് വരെ അതായത് 2003 മുതല്‍ 2022 വരെ സ്വർണം സൂക്ഷിക്കണമെന്നായിരുന്നു ഉത്തരവ്. ഇതുപ്രകാരം 2022 ല്‍ സ്വര്‍ണം അന്വേഷിച്ചെത്തിയ സുലൈഖയും കുട്ടികളും അറിഞ്ഞത് സ്വര്‍ണത്തിന്റെ സ്ഥാനത്തുള്ളത് മുക്കുപണ്ടമെന്നാണ്. കേസിലാണ് കളക്ടർ ഇപ്പോള്‍ സമാന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കോടതി നിര്‍ദേശപ്രകാരം ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായ കേസ്; സമാന്തര അന്വേഷണത്തിന് ഉത്തരവിട്ടത് തൃശൂര്‍ കളക്ടര്‍
