ശിക്ഷ വിധിക്കാൻ കുറ്റസമ്മത മൊഴി മാത്രം പോര; അനുബന്ധ തെളിവുകൾ കൂടി വേണം’: നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: കുറ്റസമ്മത മൊഴി മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാൻ കഴിയില്ലെന്നും അനുബന്ധ തെളിവുകൾ കൂടി വേണമെന്നും സുപ്രീം കോടതിയുടെ നിർണായക വിധി. കൊലപാതകക്കേസിൽ മേഘാലയ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി.തെളിവുകളാൽ സ്ഥിരീകരിക്കാത്ത കുറ്റസമ്മത പ്രസ്താവനകൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് പര്യാപ്‌തമല്ല, പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന സാഹചര്യ തെളിവുകൾ വേണമെന്നും കോടതി നിരീക്ഷിച്ചു.മേഘാലയയിൽ 2006 ൽ കാണാതായ ഒരു കോളജ് വിദ്യാർഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലാണ് നടപടി. കേസിൽ മരിച്ച പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ കസ്റ്റഡിയിലായിരുന്ന സമയത്ത് നൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മേഘാലയ ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്. വിചാരണ കോടതി വെറുതെവിട്ട പ്രതികളെ ആയിരുന്നു ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാൽ വിചാരണ കോടതിയുടെ നടപടി ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താൻ കോടതി ആശ്രയിച്ചിരുന്ന തെളിവുകൾ വിശ്വസനീയമല്ലെന്നും അന്വേഷണത്തിൽ ഗുരുതരമായ വിടവുകൾ ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഇരുവരെയും വിട്ടയക്കാനും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *