അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച നിവ്യ കൊലപാതകക്കേസിലെ പ്രതി, കാപ്പ ചുമത്തും

കുമ്ബളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ താമസിക്കുന്ന നിവ്യ എന്ന ശ്രുതി (30)യാണ് അമ്മ സരസുവിനെ ക്രൂരമായി ആക്രമിച്ചത്. ഫെയ്സ് ക്രീം മാറ്റിവച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെയാണ് മകള്‍ മർദ്ദിച്ചത് എന്നാണ് സരസു പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പണത്തിന്റെ പേരിലുള്ള തർക്കവും തന്റെ കാര്യങ്ങളില്‍ അമ്മ ഇടപെടാൻ ശ്രമിച്ചതിലുള്ള പകയുമാണ് നിവ്യ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ റിമാൻഡില്‍ കഴിയുന്ന നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.2020ല്‍ നെട്ടൂരില്‍ ഫഹദ് ഹുസൈൻ എന്ന യുവാവ് കുത്തേറ്റ് ചോരവാർന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് നിവ്യ.ഇതിനിടിയില്‍ നിവ്യയുടെ അഞ്ചുവയസുള്ള മകനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ യുവതിയുടെ അമ്മ സരസുവിന് ഡോക്ടർ ആറുമാസത്തെ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണിത്. ഫേസ്‌ക്രീം മാറ്റിവച്ചതിനെ തുടർന്നല്ല നിവ്യ അമ്മയെ മർദിച്ചതെന്നും പണത്തിന്റെ പേരിലുള്ള തർക്കമാണ് കാരണമെന്നും വിവരമുണ്ട്.കഴിഞ്ഞ പത്തുവർഷമായി സരസുവും കുടുംബവും പനങ്ങാട്ടാണ് താമസിക്കുന്നത്. വീടുകളില്‍ ജോലിക്കുപോയാണ് ഇവർ നിവ്യയെയും മൂത്തമകളെയും വളർത്തിയത്. 20 വയസ് കഴിഞ്ഞതോടെ നിവ്യ കഞ്ചാവ് സംഘത്തിന്റെ കൂട്ടുക്കെട്ടില്‍ പെടുകയായിരുന്നു. ഇതിനിടയില്‍ യുവതിയുടെ വിവാഹം കഴിഞ്ഞു. അധികം വൈകാതെ തന്നെ ബന്ധം വേർപെടുത്തിയതായും വിവരമുണ്ട്. കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടയിലാണ് യുവതി അമ്മയെ ആക്രമിച്ചത്.ജനുവരി 19നായിരുന്നു കേസിനാസ്‌പദമായ സംഭവം. യുവതി സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച്‌ കമ്പിപ്പാര ഉപയോഗിച്ച്‌ വാരിയെല്ല് തല്ലി ഒടിക്കുകയായിരുന്നു. ഇവരുടെ തലയ്‌ക്കും പരിക്കേറ്റി‌ട്ടുണ്ട്. സംഭവം നടന്ന് പിറ്റേദിവസമാണ് സരസു പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ നിവ്യ വയനാട്ടിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. അവിടെ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസിനോട് തട്ടിക്കയറുന്ന നിവ്യയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *