ഭര്‍ത്താവിനെ വെടിവെച്ച്‌ വീഴ്ത്തി വീട്ടിലിരുത്തി; ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹർജി തള്ളി കോടതി

ഭാര്യയുടെ പ്രവൃത്തി ഭർത്താവിന്റെ സമ്പാദ്യശേഷിയെ ബാധിച്ചാല്‍ ഭർത്താവില്‍ നിന്ന് ജീവനാംശം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി.ക്ലിനിക്കില്‍ ഉണ്ടായ സംഘർഷത്തിനിടെ സഹോദരീ ഭർത്താവിന്റെയും ഭാര്യാപിതാവിന്റെയും വെടിയേറ്റ ഹോമിയോപ്പതി ഡോക്ടറായ ഭർത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ അപേക്ഷ തള്ളിയ കുശിനഗർ കുടുംബ കോടതി‌ വിധി ശരിവച്ച ജസ്റ്റിസ് ലക്ഷ്മി കാന്ത് ശുക്ല, അത്തരമൊരു സാഹചര്യത്തില്‍ ജീവനാംശം നല്‍കുന്നത് ഗുരുതരമായ അനീതിക്ക് കാരണമാകുമെന്നും നിരീക്ഷിച്ചു. ഭാര്യയുടെ കുടുംബത്തിന്റെ ക്രിമിനല്‍ പ്രവൃത്തികള്‍ മൂലം ഭർത്താവായ വേദ് പ്രകാശ് സിങിന് വരുമാന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യം മുൻനിർത്തിയാണ് കണ്ടെത്തല്‍.ഭാര്യയുടെ സഹോദരനും പിതാവും ചേർന്ന് ക്ലിനിക്കില്‍ വെച്ച്‌ വെടിവെച്ചതായും, തുടർന്ന് ഭാര്യയ്ക്ക് വേണ്ടി സമ്പാദിക്കാനോ ജീവനാംശം നല്‍കാനോ കഴിഞ്ഞില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു. ഭർത്താവിന്റെ നട്ടെല്ലില്‍ പെല്ലറ്റ് അവശിഷ്ടം ഉണ്ടെന്നും അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയാല്‍ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.”ഇന്ത്യൻ സമൂഹം പൊതുവെ, ഭർത്താവ് ജോലി ചെയ്ത് കുടുംബം പുലർത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഈ കേസില്‍ സവിശേഷമായ സാഹചര്യങ്ങളാണെന്ന്” കോടതി നിരീക്ഷിച്ചു.”ഭാര്യയെ പരിപാലിക്കേണ്ടത് ഭർത്താവിന്റെ കടമയാണെങ്കിലും, ഒരു കോടതിയും ഭാര്യയുടെ മേല്‍ അത്തരമൊരു നിയമപരമായ കടമ ചുമത്തിയിട്ടില്ല എന്നത് ബോധ്യപ്പെട്ടിരിക്കുന്നു.” കേസിന്റെ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍, പ്രഥമദൃഷ്ട്യാ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റം എതിർ കക്ഷിയെ ഉപജീവനമാർഗം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നുവെന്ന് കോടതി പറഞ്ഞു.”ഒരു ഭാര്യ സ്വന്തം പ്രവൃത്തികളാലോ ഒഴിവാക്കലുകളാലോ ഭർത്താവിന്റെ സമ്പാദ്യശേഷി ഇല്ലാതാവാൻ കാരണമാകുകയോ, അതിനായി സംഭാവന നല്‍കുകയോ ചെയ്താല്‍, അത്തരമൊരു സാഹചര്യം കണക്കിലെടുത്ത് ജീവനാംശം അനുവദിക്കാനാവില്ല.ഇത്തരം സാഹചര്യങ്ങളില്‍ ജീവനാംശം നല്‍കുന്നത് ഭർത്താവിനോട് ചെയ്യുന്ന കടുത്ത അനീതിക്ക് കാരണമാകും, കൂടാതെ രേഖയില്‍ നിന്ന് ഉയർന്നുവരുന്ന യാഥാർത്ഥ്യത്തില്‍ നിന്ന് കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല,” അലഹബാദ് ഹൈക്കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *